കൊച്ചി: രാജ്യം ഇന്ന് രാഷ്‌ട്രപതി മഹാത്മാഗാന്ധിയുടെ ജന്മദിന നിറവിൽ. 152-ാം ജന്മവാർഷികമാണ് ലോകം മുഴുവൻ ആദരപൂർവ്വം ആചരിക്കുന്നത്. 1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.
സാധാരണജീവിതസാഹചര്യത്തിൽ നിന്നും നിയമബിരുദപഠന ശേഷം ദക്ഷിണാഫ്രിക്കയിൽ തന്റെ ഔദ്യോഗിക ജീവിതത്തിനിടെയാണ് ദരിദ്രരുടേയും അടിമകളുടേയും രക്ഷയ്‌ക്കായി ബ്രിട്ടീഷുകാർക്കെതിരെ മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നത്. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം 1920ലായിരുന്നു ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്തേക്ക് മഹാത്മാ ഗാന്ധി നിയോഗിക്കപ്പെട്ടത് . ബാല ഗംഗാധര തിലകന്റെ ദേഹവിയോഗത്തെ തുടർന്ന് അന്നത്തെ നേതൃത്വം മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മുഴുവൻ ജനങ്ങളെ സഹനസമര പാതയിലെത്തിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം സമൃദ്ധമായ ഇന്ത്യയെ പടുത്തുയർത്താൻ ഗാന്ധിജിയുടെ ആശയങ്ങളാണ് എല്ലാ ഭരണാധികാരികൾക്കും പ്രചോദനമായത്. ജനാധിപത്യത്തിന്റേയും സഹിഷ്ണുതയുടേയും അടിസ്ഥാന തത്വങ്ങൾക്ക് ഇന്ന് ലോകരാഷ്‌ട്രങ്ങൾ പോലും മഹാത്മജിയെ മാതൃകയാക്കുന്നു.
ലാളിത്യത്തിനും സത്യസന്ധതയ്‌ക്കും ജീവിതയാഥാർത്ഥ്യങ്ങളോട് പ്രായോഗിക ബുദ്ധിയോടുകൂടിയ സമീപനങ്ങൾക്കും ബാപ്പൂജി എന്ന് ലോകം സ്‌നേഹത്തോടെ വിളിച്ച മഹാത്മാ ഗാന്ധിക്ക് പകരം വയ്‌ക്കാൻ ഇനിയും ഒരു ലോകനേതാവ് ഉണ്ടായിട്ടില്ല. ഇന്ത്യൻ ജനതയുടെ ശാക്തീകരണത്തിനും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം ജീവൻ ബലിയർപ്പിച്ചു.തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.
ഭാരതത്തിൽ, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പാദങ്ങൾ മുതൽക്ക് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതു വരേയ്‌ക്കും മാത്രം ഒതുക്കി നിർത്താവുന്നതല്ല മഹാത്മാഗാന്ധിയെന്ന വിശ്വവ്യക്തിത്വത്തിന്റെ പ്രസക്തി. ഒരു രാഷ്‌ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിന്റെ സുദീർഘമായ ഭാവിയെയും, സർവ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകൾ പങ്കു വയ്‌ക്കുവാനും ഗാന്ധിജിയ്‌ക്കു സാധിച്ചു.
പ്രായോഗിക ആദ്ധ്യാത്മികതയുടെ വക്താവും, പ്രയോക്താവുമായിരുന്നു ഗാന്ധിജി. എക്കാലത്തെയും തന്റെ ഊർജ്ജസ്രോതസ്സ് ഭഗവദ്ഗീതയായിരുന്നുവെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാർമ്മികതയിൽ അടിയുറച്ച ചിന്താപദ്ധതിയും, ലാളിത്യത്തിന്റെ മഹോന്നതഭാവങ്ങളെ ജീവിതത്തിലുടനീളം ശ്രദ്ധാപൂർവ്വം പകർത്തിയ വ്യക്തിത്വമായിരുന്നു. അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം അസംഖ്യം മനസ്സുകളെ കീഴടക്കി.
സ്വാതന്ത്ര്യം എന്ന ഭാരതത്തിന്റെ ചിരകാലസ്വപ്നസാക്ഷാത്കാരത്തിൽ വലിയൊരളവിൽ രക്തം ചിന്തൽ ഒഴിവാക്കാനും അദ്ദേഹത്തിന്റെ അഹിംസാവൃതം ഉപകരിച്ചു. സായുധസമരത്തിനു മുൻപിൽ ഒരു പക്ഷേ പിടിച്ചു നിൽക്കുമായിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കുമുഷ്ഠിയെ അടിയറവു പറയിക്കാൻ പോന്ന ശക്തിയും, സൗന്ദര്യവും ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹം എന്ന, അഹിംസയിലൂന്നിയ സമരപദ്ധതിയ്‌ക്കുണ്ടായിരുന്നു.
















Comments