കൊച്ചി :17-ാം വയസ്സിൽ സിനിമാ സംഗീത സംവിധാനം. വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി അകാലത്തിൽ പൊലിഞ്ഞ ബാല ഭാസ്‌കർ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി ബാലുവിന്റെ ജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.
ആകസ്മികതകൾ നിറഞ്ഞതായിരുന്നു ബാലഭാസ്‌കറിന്റെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും. സംഗീത ലോകത്തേയ്‌ക്കുള്ള വരവ്, പ്രണയം, വിവാഹം അകാലമരണം അങ്ങനെ എല്ലാം… ചെറു പുഞ്ചിരിയോടെയല്ലാതെ ബാലുവിനെ കാണാൻ കഴിയില്ല. വയലിൻ സംഗീതത്തിനായി മാത്രം ഉഴിഞ്ഞുവെച്ച ജീവിതം 40-ാം വയസ്സിൽ അവസാനിച്ചപ്പോൾ ഒന്ന് തേങ്ങാത്തവരായി ആരും ഉണ്ടായിരുന്നില്ല. താൻ ജീവനേക്കാളേറെ സ്നേഹിച്ച വയലിൻ നെഞ്ചോട് ചേർത്തായിരുന്നു ബാലഭാസ്‌കറിന്റെ അന്ത്യയാത്ര പോലും. ബാലഭാസ്‌കറിന്റെ ഓർമ്മകൾ പ്രിയപ്പെട്ടവരെ ഇന്നും നോവിച്ചുകൊണ്ടേ ഇരിക്കുകയാണ്.
വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ബാലഭാസ്‌കർ. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലത്തെ സൗഹൃദങ്ങൾ അവസാന കാലം വരെ നിലനിർത്തി. കലാലയത്തിലെ സഹപാഠികളുടെ കൂട്ടായ്മയിലാണ് ‘ബി ബാൻഡ്’ എന്ന മ്യൂസിക് ട്രൂപ്പ് പിറവിടെയടുക്കുന്നതും ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചതും. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ‘ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന് തുടങ്ങുന്ന ഗാനവും എ ആർ റഹ്‌മാന്റെ ഉയിരെയും ബാലുവിന്റെ വയലിനിൽ നിന്ന് സംഗീത പ്രേമികളുടെ ഹൃദയങ്ങളിലേയ്‌ക്ക് പെയ്തിറങ്ങി. തമിഴ്-മലയാളം മെഡലികളായിരുന്നു എക്കാലവും ബാലുവിന്റെ ഫേവ്‌റേറ്റ്.
ഉപകരണസംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് അടിത്തറ പാകിയതിൽ ബാലഭാസ്‌കറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. വയലിൻ എന്ന ഉപകരണം ജനകീയമാക്കുന്നതിനും നിരവധി പേരെ ഈ മേഖലയിലേയ്‌ക്ക് ആകർഷിക്കുന്നതിനും ബാലുവിന്റെ ഷോകൾ കാരണമായിട്ടുണ്ട്. ജനഹൃദയങ്ങളിൽ ഇടംപിടിച്ച സിനിമാ ഗാനങ്ങൾ സദസ്സുകളിൽ ബാലഭാസ്‌കർ വയലിനിലൂടെ പുന:സൃഷ്ടിച്ചപ്പോൾ വേദികൾ ഇളകി മറിയുകയായിരുന്നു. ഡ്രം മാന്ത്രികൻ ശിവമണി, തായമ്പക കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി, കീബോർഡ് വാദകൻ സ്റ്റീഫൻ ദേവസി എന്നിവരുമായി ചേർന്ന് അവതരിപ്പിച്ച ഫ്യുഷനുകൾ സംഗീത പ്രേമികളുടെ മനസിൽ ഇന്നും മറക്കാനാകാതെ തങ്ങിനിൽക്കുന്നു.
കുടുംബവുമൊത്ത് സഞ്ചരിക്കവേയാണ് ബാലു അപകടത്തിൽപ്പെടുന്നത്. തിരുവന്തപുരം കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം നടന്നത്. വാഹനാപകടത്തിൽ ആദ്യം ബാലുവിന്റെ പിഞ്ചുമകൾ തേജസ്വിനി മരിച്ചു.
ദിവസങ്ങൾക്കപ്പുറം ഒക്ടോബർ രണ്ടിന് ബാലുവും ഈ ലോകത്തോട് വിട പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. ബാല ഭാസ്‌കറിന്റെ സഹപാഠി കൂടിയായിരുന്നു ലക്ഷ്മി. സംഗീത കുടുംബത്തിൽ ബാലുവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത എന്നുമുണ്ടാകും. വയലിൻ മാന്ത്രികന് ഓർമ്മയ്‌ക്കുമുന്നിൽ ജനം ടിവിയുടെ പ്രണാമങ്ങൾ.















Comments