ദുബായ്: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ളത് ഉറ്റസൗഹൃദമെന്നും വരും നാളുകളിൽ എല്ലാ മേഖലയിലും മികച്ച തൊഴിലവസരങ്ങളാണ് ഇരുരാജ്യങ്ങളും പരസ്പരം സൃഷ്ടിക്കുവാൻ പോകുന്നതെന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ. ദുബായ് എക്‌സ്‌പോ-2020മായി ബന്ധപ്പെട്ടു നടന്ന മാദ്ധ്യമസമ്മേളനത്തിലാണ് ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ദൃഢത പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടിയത്.ദുബായ് എക്‌സ്‌പോ-2020 ഇന്ത്യാ പവലിയൻ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
യു.എ.ഇയുമായി ഇന്ത്യക്കുള്ളത് നൂറ്റാണ്ടുകളുടെ സ്വാഭാവികമായ സൗഹൃദബന്ധമാണ്. നിരവധി വ്യവസായങ്ങൾ കുറഞ്ഞ ചിലവിലെ ഊർജ്ജ ലഭ്യതയോടെ പ്രവർത്തിക്കാ നാകുന്നത് ഇന്ത്യൻ വ്യവസായങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. ശാസ്ത്രസാങ്കേതിക മേഖലയിലും പ്രതിരോധ രംഗത്തും വിദ്യാഭ്യാസ-ആരോഗ്യമേഖലയിലും ഇന്ത്യ നൽകുന്ന വിദഗ്ധരുടെ സേവനം യു.എ.ഇയുടെ പൊതു നിലവാരത്തെ ഏറെ മെച്ചപ്പെടുത്തുന്നതാണെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
ഇരുരാജ്യങ്ങളും ഒരു മേഖലയിലും പരസ്പരം മത്സരിക്കുന്നവരല്ല. മറിച്ച് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നവരാണ്. വസ്ത്രനിർമ്മാണം, തുകൽ, മറ്റ് അനുബന്ധ ഉപകരണങ്ങൾ, പാദ രക്ഷകൾ, മരുന്നുകൾ എന്നീ വ്യവസായ മേഖലയിൽ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഗോയൽ പറഞ്ഞു.
Comments