ന്യൂഡൽഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിൽ വീണ്ടും നാഴിക കല്ലുകൾ പിന്നിട്ട് ഇന്ത്യ. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 90 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇക്കൊല്ലം അവസാനത്തോടെ പ്രായപൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും വാക്‌സിനേഷൻ പൂർത്തിയാകുമെന്നും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.28 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ ശേഷിക്കുന്നുണ്ടെന്നും മൻസൂക് മണ്ഡവ്യ അറിയിച്ചു. രാജ്യത്ത് 18 വയസിന് മുകളിലുള്ള 69 ശതമാനം ആളുകൾക്കും ആദ്യ ഡോസ് കുത്തിവെയ്പ്പ് പൂർത്തിയായിട്ടുണ്ട്. 25 ശതമാനം പേരാണ് ഇരുഡോസുകളും സ്വീകരിച്ചിട്ടുള്ളത്.
വീഡിയോ കോൺഫറൻസ് വഴി കഴിഞ്ഞ ജനുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്. വിവിധ പ്രായപരിധിയിലുള്ളവർക്കും മുൻഗണനാ വിഭാഗങ്ങൾക്കുമായി ഘട്ടം ഘട്ടമായായിരുന്നു കുത്തിവെയ്പ്പ്. ഈ മാസം കുട്ടികൾക്കുള്ള വാക്‌സിനേഷനും ആരംഭിക്കാനാകുമെന്നാണ് വിവരം.
















Comments