ന്യൂഡൽഹി: ഇന്ത്യയിലെ വനിതാ അഭിഭാഷകരെ പ്രശംസിച്ച് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആഗോളത്തലത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച മീ-ടൂ ക്യാമ്പയിനിൽ വനിതാ അഭിഭാഷകർ ചെലുത്തിയ സ്വാധീനത്തെയും നടപടികളെയുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രശംസിച്ചത്. ശാരീരികവും മാനസികവുമായ ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർക്ക് തുറന്നു പറച്ചിൽ നടത്തുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമുള്ള ക്യാമ്പയിനാണ് മീ-ടൂ.
ഒരു പ്രത്യേക പ്രശ്‌നത്തിൽ കേന്ദ്രീകരിച്ച് കേസുകൾ തീർപ്പാക്കുന്നത് ആ വിഷയത്തിൽ നിയമസഹായം ഉറപ്പുവരുത്തി സ്വയം സമർപ്പിക്കുന്നതിന് സഹായകരമാകും. മീ-ടൂവിലൂടെ ലൈംഗിക അതിക്രമങ്ങളുടെ ഭാഗമായ സ്ത്രീകൾക്ക് വേണ്ടി യുവ വനിതാ അഭിഭാഷകർ രംഗത്തുവന്നത് ഇതിനൊരു ഉദാഹരണമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരത്തിൽ ട്രാൻസ് വ്യക്തികൾക്കായും അഭിഭാഷകർ രംഗത്ത് വരണം. അവരുടെ പ്രശനങ്ങൾക്ക് മുൻതൂക്കം നൽകുന്ന കേസുകൾ കൂടുതലായി പരിഗണിക്കണം. സ്വന്തം കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ അവർ നേരിടുന്ന സാമൂഹിക പീഡനങ്ങൾക്ക് പരിഹാരമുണ്ടാകണം. ഇത്തരം വിഭാഗക്കാർക്ക് നിയമസഹായം ലഭിക്കാൻ പ്രയാസമാണ്. അതിനാൽ ഇത്തരം വിഭാഗക്കാരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധയൂന്നാൻ അഭിഭാഷകർ തയ്യാറാകണമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീം കോടതി ജഡ്ജ് എസ്.കെ കൗളും ചന്ദ്രചൂഡിന്റെ നിർദേശത്തെ പിന്തുണച്ചു. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട ജനതയ്‌ക്ക് നിയമസേവനങ്ങൾ ലഭ്യമാകാൻ നിരവധി തടസങ്ങളുണ്ട്. സമീപിക്കാനുള്ള സാധ്യതകളുടെ കുറവും ചിലവ് താങ്ങുന്നതിനുള്ള ബുദ്ധിമുട്ടും പ്രധാന തടസമാണ്. പല കേസുകളും വർഷങ്ങൾ നീളുന്നതും ഒരു കാരണം തന്നെ. സമൂഹത്തിലെ ഇത്തരം വിഭാഗക്കാർക്ക് സഹായമാകുന്നതാണ് ജസ്റ്റിസ് മുന്നോട്ടുവച്ച നിർദേശമെന്നും എസ്.കെ കൗൾ അഭിപ്രായപ്പെട്ടു.
ദേശീയ നിയമസേവന അതോറിറ്റി സംഘടിപ്പിച്ച ‘പാൻ ഇന്ത്യ ലീഗൽ അവെയർനെസ്സ് ആൻഡ് ഔട്ട്‌റീച്ച് ക്യാമ്പയിൻ’ ഉദ്ഘാടന വേദിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെയും എസ്.കെ കൗളിന്റെയും പരാമർശം. നിയമസംവിധാനങ്ങളെ കുറിച്ചുള്ള അവബോധം രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനാണിത്. വരുന്ന ആറ് ആഴ്ചകൾ ക്യാമ്പയിൻ നടക്കും.
















Comments