കാറ്റിന്റെ എതിർ ദിശയിൽ പറക്കുന്ന താഴിക കുടത്തിന് മുകളിലെ പതാക. പതാക മാറ്റുന്നതിനായി ദിവസവും 200 അടി ഉയരം പുറകോട്ട് നടന്നു കയറുന്ന ക്ഷേത്രത്തിലെ പൂജാരി. നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച പുരിയിലെ ജഗന്നാഥ ക്ഷേത്രം.
ഗംഗാ സാമ്രാജ്യ ഭരണാധികാരി അനന്തവർമൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതതാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ലോകപ്രശസ്തമായ കലിംഗ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ രീതിയിൽ വളരെയധികം നിഗൂഢതകൾ ഒളിഞ്ഞ് കിടക്കുന്നു.
ഇത്തരത്തിലുള്ള ഒരു അത്ഭുതമാണ് 200 അടിയോളം ഉയരത്തിൽ പ്രധാന താഴിക കുടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന പതാക. കാറ്റ് വീശുന്നതിന്റെ എതിർ ദിശയിൽ പറക്കുന്ന പതാക, പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും ദർശിക്കാനാവും. എല്ലാ ദിവസവും വൈകുന്നേരം പതാക മാറ്റി സ്ഥാപിക്കുന്ന ചടങ്ങുകാണാൻ ഭക്തർ തട്ടിച്ചുകൂടാറുണ്ട്. ക്ഷേത്രത്തിലെ പൂജാരി 200 അടി ഉയരം പുറംതിരിഞ്ഞ് കയറി പതാക മാറ്റി സ്ഥാപിക്കുന്ന കാഴ്ച ശ്വാസം അടക്കിപ്പിടിച്ച് തൊഴുകയ്യോടെയാണ് കാണുക.
1800 വർഷത്തോളമായി തുടരുന്ന ഈ ചടങ്ങാണ് ജഗന്നാഥ ക്ഷേത്രത്തിലെ പ്രധാന ആകർഷണം.
പുരി ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രമാണ് മറ്റൊരു കൗതുകം. 20 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള ചക്രം പുരി നഗരത്തിന്റെ ഏതു ഭാഗത്തിനിന്നു നോക്കിയാലും അഭിമുഖമായി നിൽക്കുമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഏത് വിദ്യ ഉപയോഗിച്ചാണ് മുകളിലേക്ക് എത്തിച്ചത് എന്ന് തെളിയിക്കാനാവാത്ത രഹസ്യമാണ്.
ജഗന്നാഥന്റെ സന്നിധിയിലെത്തിയാൽ സമീപത്തുള്ള കടലിന്റെ ഇരമ്പം കേൾക്കാൻ സാധിക്കില്ല എന്നതും മറ്റൊരു അത്ഭുതം. ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ വരെ തിരമാലകളുടെ ശബ്ദം കേൾക്കാമെങ്കിലും അകത്തേക്ക് പ്രവേശിച്ചാൽ എല്ലാം നിശബ്ദമാകും. പുരി നഗരത്തിലേക്ക് വീശുന്ന കടൽക്കാറ്റിന് പോലും പ്രത്യേകതയുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. സാധാരണയായി പകൽ സമയങ്ങളിൽ കാറ്റ് കടലിൽ നിന്ന് കരയിലേക്കും രാത്രികാലങ്ങളിൽ കരയിൽ നിന്ന് കടലിലേക്കുമാണ് കാറ്റ് വീശുക. എന്നാൽ പുരിയിൽ നേരെ വിപരീതമായാണ് സംഭവിക്കാറുളളത്. പക്ഷേ ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ആധുനിക ശാസ്ത്ര ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ക്ഷേത്ര ഗോപുരത്തിന്റെ നിഴൽ നിലത്ത് വീഴാറില്ലെന്നതും മറ്റൊരു രഹസ്യമാണ്. പകൽ സമയങ്ങളിൽ നിഴൽ കാണാനേ കഴിയില്ല. ക്ഷേത്രത്തിലെ പാചക രീതിയും വളരെ വ്യത്യസ്തമാണ്. മൺകലങ്ങളിൽ വിറകടുപ്പിലാണ് പ്രസാദം പാകം ചെയ്യുന്നത്. ഇതിനായി ഏഴു കലങ്ങൾ ഒന്നിനുമുകളിൽ ഒന്നായി സജ്ജീകരിക്കുന്നു. എന്നാൽ വിചിത്രമായ ഒരു സംഭവം എന്തെന്നാൽ ആദ്യം പാകമാകുന്നത് ഏറ്റവും മുകളിലിരിക്കുന്ന കലത്തിലെ ഭക്ഷണമായിരിക്കും. താഴെയുള്ള കലങ്ങളിലെ ഭക്ഷണം ഒന്നിനും പിന്നാലെ ഒന്നായി പാകമാകുന്നു. ഏറ്റവും അവസാനമായിരിക്കും അടുപ്പിനോട് ചേർന്നുള്ള കലത്തിലെ ഭക്ഷണം പാകമാകുക.
മരത്തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓരോ 12-19 വർഷത്തിലും വിഗ്രഹങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ഭാരതത്തിലെ ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ജഗന്നാഥൻ , സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ പ്രതിഷ്ഠയാണുള്ളത്. ആഷാഢമാസത്തിൽ നടക്കുന്ന രഥോത്സവം വിശ്വ പ്രസിദ്ധമാണ്. പുരി നഗരത്തിന്റെ വീഥികളിലൂടെ ദേവരഥങ്ങൾ ഉരുളുന്നത് കാണാൻ ജനലക്ഷങ്ങളാണ് എത്താറ്. വിഗ്രഹങ്ങൾ രഥങ്ങളിലേറ്റി രണ്ട് മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോവുകയും ഒരാഴ്‌ച്ചക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നതാണ് പ്രധാനചടങ്ങ്. ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്നതിനായാണ് രഥയാത്ര നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലേയ്‌ക്കുളള തീർത്ഥാടനം അത്മീയതക്കൊപ്പം ഒരുപാട് നിഗൂഢതകളിലേയ്‌ക്കും നമ്മെ കൂട്ടികൊണ്ട് പോകുന്നു. വാസ്തുവിദ്യയും വ്യത്യസ്തമായ ചടങ്ങുകളുമാണ് ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ വേറിട്ട് നിർത്തുന്നത്.
















Comments