മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളുടെ വൈദ്യപരിശോധന പൂർത്തിയാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി). അറസ്റ്റിലായവരിൽ മൂന്ന് പേരുടെ പരിശോധനയാണ് പൂർത്തിയായത്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകനുൾപ്പെടെ എട്ട് പേരെയാണ് എൻസിബി പിടികൂടിയത്.
പിടിയിലായവരിൽ ബോളിവുഡ് താരം അർബ്ബാസ് സേനത്ത് മർച്ചന്റുമുണ്ട്. എൻസിബി മുംബൈ ഡയറക്ടർ സമീർ വാഖഡെ ആണ് ഇക്കാര്യം അറിയിച്ചത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ.
ഇവരിൽ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബ്ബാസ് സേനത്ത് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരെയാണ് വൈദ്യപരിശോധയ്‌ക്ക് വിധേയരാക്കിയത്. ഇതിനുശേഷം ഇവരെ എൻസിബിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
ആഡംബര കപ്പലായ കോർഡെലിയയാണ് എൻസിബി റെയ്ഡ് ചെയതത്. കപ്പലിൽ ശനിയാഴ്ച ലഹരിപാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിതിനെ തുടർന്ന് യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിച്ചു. ഒക്ടോബർ രണ്ട് മുതൽ നാല് വരെ സംഘടിപ്പിച്ച പരിപാടി കപ്പൽ മുംബൈ തീരം വിട്ടപ്പോൾ തന്നെ ആരംഭിച്ചു. ലഹരി പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
സംഗീത പരിപാടി എന്ന വ്യാജേനയാണ് കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത്. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖർ ഫാഷൻ ടിവി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
















Comments