ഹിമയുഗത്തിനൊടുവിൽ വംശനാശം സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രോമാവൃതർ ആയ മാമോത്തുകളെ പുനഃസൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ്. ഐസ്ഏജ് സിനിമകളിലൂടെ കുട്ടികൾക്ക് പോലും സുപരിചിതനാണ് ഈ ആനമുത്തച്ഛൻ.
പ്രകൃതിയെ വെല്ലുവിളിക്കുന്ന ജനതിക പ്രൊജക്ടുമായി മുന്നോട്ട് നീങ്ങുന്നത് ശരിയോ തെറ്റോ എന്ന ചർച്ചയും ശാസ്ത്രലോകത്ത് സജീവമായി കഴിഞ്ഞു. ആഫ്രിക്കൻ ആനകളെക്കാൾ രണ്ടിരട്ടി വലിപ്പവും നീണ്ട് വളഞ്ഞ കൊമ്പുകളുമാണ് മാമോത്തുകളുടെ ആകാരം.ആനകളുടെ വംശനാശം വന്ന വകഭേദമെന്ന് ജന്തുശാസ്ത്രലോകം വിലയിരുത്തുന്നു.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇവയ്‌ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. . ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ ആയ ജോർജ് ചർച്ച് എന്ന ജനതിക ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ മാമോത്തുകളെ പുന:സൃഷ്ടിക്കാനൊരുങ്ങുന്നത്. 4000 -10000 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷരായ മാമോത്തുകളെ അതെ പടി സൃഷ്ടിക്കാനല്ല ഇവരുടെ പദ്ധതി. മറിച്ച് മാമോത്തുകളുമായി ജനതിക സാമ്യം ഉള്ള ഇന്നത്തെ ആനകളിൽ മാമോത്തുകളുടെ രോമാവൃതമായ ശരീരവും ഭീമാകാരമായ ആകാരവും സൃഷ്ടിക്കുവാൻ ആണ് ഗവേഷകരുടെ ശ്രമം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും ഈ ഗവേഷണത്തിനൊടുവിൽ ഉത്തരം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രഞ്ജരുടെ അവകാശവാദം. ഇത്തരത്തിൽ ഒരു ജീവിയെ സൃഷ്ടിക്കുവാൻ പറ്റുമോ എന്നതല്ല മറിച്ചു ഇത്തരത്തിൽ ഒരു ജീവിയെ സൃഷ്ടിക്കുവാൻ പാടുണ്ടോ എന്ന ചോദ്യവും ശാസ്ത്ര ലോകത്തുനിന്നുതന്നെ ഉയരുന്നുണ്ട്.
ജുറാസിക് പാർക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ ഗവേഷണ പ്രൊജക്റ്റ് നടത്തുന്നത് കൊള്ളോസൽ എന്ന് പേരുള്ള ഒരു സ്റ്റാർട്ടപ്പ് ആണ്.കഴിഞ്ഞ വർഷത്തെ നോബൽ സമ്മാനം നേടിയ ക്രസ്പർ എന്ന ജനതിക സാങ്കേതിക വിദ്യ ഉപയോഗപെടുത്തിക്കൊണ്ടാണ് ഗവേഷണം മുന്നോട്ട് പോകുന്നത്. ഭ്രൂണാവസ്ഥയിൽ ജീവജാലങ്ങളിൽ ജീൻ എഡിറ്റിംഗ് വഴി ജനതിക മാറ്റം വരുത്തുവാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. കാൻസർ അടക്കമുള്ള പാരമ്പര്യ രോഗങ്ങൾക്കുള്ള ഉത്തരം ആണ് ക്രസ്പർ സാങ്കേതതിക വിദ്യയെന്നാണ് പറയപ്പെടുന്നത്.
മാമോത്തുകളുടെ കൊഴുപ്പു നിറഞ്ഞ, രോമാവൃതമായ ശരീരത്തിനും വലിയ ആകാരത്തിനും കാരണഹേതു ആയ ജീനുകളെ തിരിച്ചറിഞ്ഞെന്നും ആനകളുടെ ജനതിക ഘടനയിലേക്ക് ജീനുകളെ ചേർക്കുന്നതോടെ മാമോത്തുകളുടെ സവിശേഷതകൾ അടങ്ങിയ ഹൈബ്രിഡ് ജീവജാലങ്ങളെ സൃഷ്ടിക്കുവാൻ സാധിക്കും എന്നും ഗവേഷകർ പറയുന്നു. ഈ ആനകളെ ആർട്ടിക് മേഖലയിൽ വിന്യസിക്കുന്നത് മേഖലയുടെ സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരുവാൻ സഹായകരം ആകും എന്നുമാണ് ഇവരുടെ വാദം.
ആർട്ടിക് മേഖലയിൽ വലിയ അളവിൽ കാർബൺ ഡയോക്ക്‌സൈഡ് അടങ്ങിയിട്ടുള്ള പെർമാഫ്രോസ്‌റ് എന്ന് വിളിക്കുന്ന പ്രദേശത്തെ മഞ്ഞുരുക്കുന്നതോടെ ഈ കാർബൺ ഡയോക്ക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുകയും ആഗോള താപനത്തിന്റെ തോത് വർധിക്കുകയും ചെയ്യുന്നത് ഇന്ന് പരിഹാരം കാണാനാകാത്ത ഒരു പ്രശ്‌നം ആണ്. മാമോത്തുകളെ ഈ മേഖലയിൽ എത്തിക്കുന്നതോടെ ഇത് പോലുള്ള പല വിഷയങ്ങളും പരിഹരിക്കപ്പെടും എന്നാണു കൊള്ളോസൽ അവകാശപ്പെടുന്നത്.
ഇത്തരത്തിലുള്ള വാദങ്ങളിൽ കഴമ്പില്ല എന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു, പദ്ധതി നൂറുകണക്കിന് മാമ്മോത്തുകൾ ആവശ്യമാണെന്നും ഇവയ്‌ക്ക് പ്രായ പൂർത്തിയാകാൻ 30 വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് വിമർശകർ പറയുന്നു. ഗവേഷണങ്ങൾക്ക് ദീർഘമായൊരു കാലയളവ് വേണ്ടിവരുന്നത് പ്രോജക്ടിന്റെ അപ്രായോഗികതയാണെന്നാണെന്നും ഇവർ വാദിക്കുന്നു.
മരങ്ങൾ ഇടിച്ചു നിരത്തുവാനും നിലം ചവിട്ടി മെതിക്കാനും ഇഷ്ടപെടുന്ന മാമ്മോത്തുകൾ ആർട്ടിക് മേഖലയിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയുള്ളു എന്ന ഭയവും പലരും പ്രകടിപ്പിക്കുന്നു. എന്തുവിമർശനങ്ങളുയർന്നാലും ഗവേഷണവുമായി മുന്നോട്ട് പോവുകയാണ് ജോർജ് ചർച്ചും സംഘവും.
Comments