മുംബൈ: കൊറോണ പ്രതിസന്ധിയെ തുടർന്ന് നഷ്ടത്തിലായ താനെ പൊതുഗതാഗത സംവിധാനത്തെ കൈപിടിച്ച് ഉയർത്തിയത് ഗണേശോത്സവകാലത്തെ വരുമാനമാണ്. ഭക്തർക്കായി 902 ബസുകളാണ് ഉത്സവകാലത്ത് സർവീസ് നടത്തിയത്. ഇതിൽ നിന്നും 1.70 കോടിയുടെ വരുമാനമാണ് ഗതാഗത വകുപ്പ് നേടിയത്.
ഗണേശോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് മാസം മുതൽ തന്നെ ബസുകൾക്കായി ബുക്കിംഗ് ആരംഭിച്ചിരുന്നു. കൊങ്കൺ, റായ്ഗഡ്, രത്‌നഗിരി, സിന്ധാഗുർഡ് എന്നീ പ്രദേശങ്ങളിലെ ഭക്തർക്കായി 902 സർവീസുകളാണ് ഉത്സകാലത്ത് ഒരുക്കിയത്.
‘ലോക്ക്ഡൗണിനെ തുടർന്ന കഴിഞ്ഞ വർഷം ഗണേശോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചില്ല. എന്നാൽ ഈ വർഷം ഉത്സവത്തിനു മുന്നോടിയായി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ഇത് ഗതാഗത വകുപ്പിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചു. സാധാരണ ദിവസങ്ങളിൽ 33 കിലോമീറ്റർ മാത്രം സഞ്ചരിച്ചിരുന്ന സർവീസുകൾ ഉത്സവകാലത്ത് 57 കിലോമീറ്ററിൽ അധികം സഞ്ചരിച്ചു’ താനെ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
പൂർണമായും വാക്‌സിൻ സ്വീകരിച്ച 325 ജീവനക്കാരാണ് സർവീസ് നടത്തിയത്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്രയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments