സ്റ്റോക്ക്‌ഹോം : പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിട്ടിരുന്ന കാർട്ടൂണിസ്റ്റ് വാഹനാപകടത്തിൽ മരിച്ചു. പ്രമുഖ സ്വീഡിഷ് കാർട്ടൂണിസ്റ്റായ ലാർസ് വിൽക്‌സ് (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ മാർക്ക്‌യാർഡ് നഗരത്തിലായിരുന്നു സംഭവം.
വിൽക്‌സ് സഞ്ചരിച്ചിരുന്ന കാർ ട്രക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. അപകടത്തിൽ വിൽക്‌സിനൊപ്പം ഉണ്ടായിരുന്ന രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. പരിക്കേറ്റ ട്രക്ക് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സാധാരണ വാഹനാപകടം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകത്തിനുള്ള സാദ്ധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
2007 ലാണ് മുഹമ്മദ് നബിയുടെ കാർട്ടൂൺവരച്ച് വിൽക്‌സ് മതമൗലികവാദികളുടെ ഭീഷണിയ്‌ക്ക് ഇരയായത്. മുഹമ്മദ് നബിയെ ചത്ത നായയ്‌ക്കൊപ്പം ചേർത്തുവെച്ചായിരുന്നു വിൽക്‌സിന്റെ കാർട്ടൂൺ. ഭീഷണി നേരിട്ടതോടെ 2007 മുതൽ വിൽക്‌സ് പോലീസ് സംരക്ഷണയിലായിരുന്നു.
















Comments