ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വാക്‌സിൻ വിതരണം സുഗമമാക്കുന്നതിന് ഐ-ഡ്രോൺ സംവിധാനവുമായി കേന്ദ്ര സർക്കാർ. ആരോഗ്യ ആവശ്യങ്ങൾക്കായി ഐസിഎംആർ വികസിപ്പിച്ച ഐ-ഡ്രോൺ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.
ഐസിഎംആർ ഡ്രോൺ റെസ്‌പോൺസ് ആൻഡ് ഔട്ട്‌റീച്ച് ഇൻ നോർത്ത്-ഈസ്റ്റ് എന്നതാണ് ഐ-ഡ്രോണിന്റെ പൂർണരൂപം. രാജ്യത്ത് വേഗത്തിൽ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് മരുന്നുകൾ, വാക്‌സിൻ എന്നിവ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ ഐസിഎംആർ വികസിപ്പിച്ച ഡ്രോൺ പദ്ധതിയാണിത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ജീവൻ രക്ഷാ മരുന്നുകൾ പെട്ടെന്ന് എത്തിക്കുന്നതിനും രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനും ഐ-ഡ്രോൺ സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഉദ്ഘാടന വേളയിൽ മൻസൂക് മാണ്ഡവ്യ പറഞ്ഞു. മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബർ ദ്വീപിലുമാണ് നിലവിൽ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വെറും 15 മിനിറ്റ് കൊണ്ട് 31 കിലോമീറ്റർ ദൂരം താണ്ടി ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ നിന്നും മണിപ്പൂരിലെ കാരാംഗ് ആരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിൻ എത്തിക്കാൻ ഐ-ഡ്രോൺ വഴി സാധ്യമായെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Comments