ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കൊറോണ പ്രതിരോധ കുത്തിവയ്പ്പായ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന ഡബ്ല്യുഎച്ച്ഒ യോഗം തീരുമാനമെടുക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കൊവാക്‌സിൻ. സമിതി ഇന്ന് ചേരുന്ന യോഗത്തിൽ കൊവാക്‌സിന് അംഗീകാരം നൽകുന്ന വിഷയവും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൊവാക്‌സിന് പുറമെ മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷകൾ നൽകിയിട്ടുണ്ട്. അപേക്ഷ ലഭിച്ച വാക്‌സിനുകളെ കുറിച്ച് വിശദമായ പഠനം നടത്തി ഈ മാസം അവസാനത്തോടെ ഇവയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇന്നലെയാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ പാനലിന്റെ മീറ്റിംഗ് ആരംഭിച്ചത്. നാല് ദിവസം നീളുന്ന ചർച്ചയിൽ കൊവാക്‌സിന്റെ അംഗീകാരം ഉൾപ്പെട്ട വിഷയം ഇന്നാണ് ചർച്ചയ്‌ക്ക് എടുക്കുന്നത്. ‘സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെർട്ട് ഇമ്മ്യുണൈസേഷൻ’ കൂടി അംഗീകരിക്കുന്ന വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്നത്. നിലവിൽ ആറ് പ്രതിരോധ വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഫൈസർ ബയോ എൻ ടെക്, ജോൺസൺ ആന്റ് ജോൺസൺ, ഓക്‌സ്‌ഫോർഡ് അസ്ട്രസെനക വാക്‌സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, മൊഡേണ ജബ്, സിനോഫാം സിനോവാക് വാക്‌സിൻ എന്നിവയാണവ. നിരവധി പരിശോധനകൾക്കൊടുവിലാണ് വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നത്.
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ ആഗോളതലത്തിലും വാക്‌സിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ പല രാജ്യങ്ങൾക്കും വാക്‌സിൻ ആവശ്യമാണ്. ഇതൊരു ആഗോള യുദ്ധമാണ്. പല രാജ്യങ്ങൾക്കും വാക്‌സിൻ ലഭിച്ചിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ നമ്മുടെ വാക്‌സിന് സമയബന്ധിതമായി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ എയിംസിലെ കൊറോണ-19 ടാസ്‌ക് ഫോഴ്‌സ് ചെയർപേഴ്‌സൺ ഡോ.നവനീത് വിഗ് പറയുന്നു.
















Comments