ഇസ്ലാമാബാദ്: പാക് സൈനികരെ ഒരു വശത്ത് കൊന്നുതളളുന്ന ഭീകരാക്രമണത്തിനിടയിലും സന്ധിസംഭാഷണങ്ങളുമായി ഇമ്രാൻഖാൻ. രണ്ടു ദിവസമായി വസീരിസ്ഥാനിൽ ഭീകരർ സൈനിക പോസ്റ്റുകൾക്ക് നേരെ അക്രമം നടക്കുന്നതിനിടെയാണ് മറുവശത്ത് ഇമ്രാൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നത്. എല്ലാം പൊറുക്കാം. നിങ്ങളെല്ലാവരും ആയുധം വെച്ച് കീഴടങ്ങണമെന്നാണ് ഇമ്രാൻ ഭീകരരോട് പറയുന്നത്. ഇതിനിടെ അതിർത്തിയിൽ ആക്രമണം നടത്തുന്ന താലിബാൻ ഭീകരർക്കെതിരെ നടപടി എടുക്കാത്ത ഇമ്രാന്റെ നയങ്ങളെ പാർലമെന്റ് അംഗങ്ങളടക്കം എതിർത്തിരിക്കുകയാണ്.
രാജ്യത്ത് നിരോധിച്ചെന്ന് പറയുന്ന തെഹ്‌രിക് ഇ താലിബാനാണ് പരക്കെ ആക്രമണം തുടരുന്നത്. സൈന്യം പോരാടുമ്പോൾ ഭീകരരോട് ആയുധം വച്ച് കീഴടങ്ങാനാണ് താൻ ആവശ്യപ്പെട്ടതെന്നും അവരോട് ഒത്തുതീർപ്പില്ലെന്നുമാണ് ഇമ്രാൻ പറയുന്നത്.
പാക് സൈന്യം തന്നെ പരിശീലിപ്പിച്ചുവിട്ട ഭീകരരാണ് ഭരണകൂടത്തിനെതിരെ പോരാടുന്നതെന്നതും വിരോധാഭാസമാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് ഭൂരിപക്ഷമുള്ള വസീരിസ്താൻ കേന്ദ്രീകരിക്കുന്ന ഭീകരർ പാകിസ്താന് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഐ.എസ്.ഐ തുറന്നു സമ്മതിക്കുന്നു.
ഭീകരർ സ്വയം വെടിനിർത്തൽ തീരുമാനിക്കുകയാണ്. അവരാണ് ഭരണകൂടം എന്ത് സമീപനമെടുക്കണമെന്ന് പറയുന്നത്. നിരോധിത സംഘടനയോട് എന്തിനാണ് ഒത്തുതീർപ്പിന് പോകുന്നതെന്നും പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം ചോദിക്കുന്നു. കഴിഞ്ഞ പത്തുവർഷ ത്തിനിടെ ഭീകരാക്രമണങ്ങളിൽ മാത്രം 80,000 പേരാണ് സൈനികരായും, സാധാരണ ക്കാരായും കൊല്ലപ്പെട്ടത്. ഈ ഭീകരരോട് എന്ത് സമാധാന ചർച്ചയാണ് ഇമ്രാൻ ആഗ്രഹിക്കുന്നതെന്നും പിപിപി പാർട്ടി നേതാവ് ഷെറി റഹ്മാൻ ചോദിക്കുന്നു.
















Comments