തിരുവനന്തപുരം : സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ – ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ കൊറോണ സാഹര്യത്തിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ ക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.
ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും. സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊറോണ വാക്‌സിൻ എടുത്തിരിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതാണ്. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തണം. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് പുറത്തിറക്കും.
സ്‌കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്കയോഗങ്ങൾ എന്നിവ ചേരും. ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തും.
സ്‌കൂൾതുറക്കൽ സംബന്ധിച്ച് കരട് മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അനുമതി നൽകിയാൽ അന്തിമ മാർഗരേഖ ഉടൻ പുറത്തിക്കും.
















Comments