തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരുന്ന മോൻസൻ മാവുങ്കലിന് പുരാവസ്തുക്കൾ നൽകിയ സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോൻസൻ തനിക്ക് 73 ലക്ഷം രൂപ തരാനുണ്ടെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ചെമ്പോല, താളിയോല, ഊന്നുവടി, ഉറി തുടങ്ങിയവ മോൻസന് നൽകിയത് സന്തോഷാണ്. മോൻസന്റെ പക്കലുള്ള ചെമ്പോല തൃശൂര്‍ നിന്നും താൻ വാങ്ങിക്കൊടുത്തതാണെന്നും സന്തോഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സന്തോഷിന്റെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ നിർണ്ണായക വിവരം ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
പുരാവസ്തു വ്യാപാരിയാണ് സന്തോഷ്. സിനിമാ സെറ്റുകളിൽ അടക്കം ഇത്തരം സാധനങ്ങൾ കൊടുക്കാറുണ്ട്. അത്തരത്തിലാണ് മോൻസൻ സാധനങ്ങൾ വാങ്ങിയത്. അതിൽ 50 വർഷം മുതലുള്ള സാധങ്ങൾ ഉള്ളത് സത്യമാണ്. എന്നാൽ മോൻസൻ പ്രചരിപ്പിച്ചത് പോലെയല്ല. മോശയുടെ വടിയെന്നോ, കൃഷ്ണന്റെ താളിയോലയെന്നോ ഉറിയെന്നോ പറഞ്ഞ് താനൊരു സാധനവും മോൻസന് കൊടുത്തിട്ടില്ലെന്നാണ് സന്തോഷ് വെളിപ്പെടുത്തിയത്.
ചെമ്പോല സന്തോഷിന് നൽകിയത് താനാണെന്ന് തൃശൂർ സ്വദേശി ഗോപാലൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇത്തരം വസ്തുക്കൾ ശേഖരിച്ചതെന്ന് സന്തോഷ് പറഞ്ഞിരുന്നു. ഇതിനായി കടംവാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ ഒളിവിൽപ്പോവേണ്ടിവന്നു. ഈ ഘട്ടത്തിൽ സഹായിക്കാമെന്ന് ഉറപ്പുതന്നാണ് മോൻസൻ ഇവയെല്ലാം കൈക്കലാക്കിയതെന്നും സന്തോഷ് പറഞ്ഞു. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം കബളിപ്പിച്ചതായാണ് സന്തോഷിന്റെ പരാതി.
Comments