ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഡൽഹിയിലെത്തി. ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്രമന്ത്രിമാരുമായി ഇദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് സൂചന. ലഖിംപൂർ ഖേരി ആക്രമണത്തിൽ പങ്കില്ലെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും അജയ് മിശ്ര അറിയിച്ചു. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കി യുപി പോലീസ് എഫ്‌ഐആർ പുറത്തുവിട്ടതിന് പിന്നാലെയാണ് അജയ് കുമാർ ഡൽഹിയിലെത്തിയത്.
തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ബിജെപി അജയ് മിശ്രയോട് പറഞ്ഞു. ആക്രമണത്തിന്റെ റിപ്പോർട്ട് ഉത്തർപ്രദേശ് പോലീസ് കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. ആശിഷ് മിശ്രയും സംഘവും കർഷകർക്ക് നേരെ വെടിയുതിർത്തുവെന്ന് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. കരിമ്പിൻ കാട്ടിൽ ഒളിച്ച ആശിഷിനെ കർഷകർ കാട്ടിക്കൊടുത്തിരുന്നു.
നേരത്തെ ലഖിംപൂർ ഖേരിയിലെ പ്രതിഷേധ സ്ഥലത്ത് തന്റെ മകന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ലഭിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്ന് അജയ് മിശ്ര പറഞ്ഞിരുന്നു. ആക്രമണത്തെ തുടർന്ന് യുപി പോലീസ് ആശിഷ് ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.
സംഭവം നടക്കുന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്ര പറഞ്ഞത്. ബാൻബിർപുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധ ശക്തികളാണെന്ന് നേരത്തെ അജയ് കുമാർ വ്യക്തമാക്കിയിരുന്നു.
















Comments