ന്യൂഡൽഹി: ലഹരി വസ്തുക്കളുമായി ആഡംബര കപ്പൽ മുംബൈ തീരത്ത് നിന്നും പിടികൂടിയ കേസ് ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെടെ പതിനാറ് പേരെയാണ് എൻസിബി ഇതിനോടകം അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ അബ്ദുൾ ഖാദർ, ശ്രേയസ് നായർ, മനീഷ് രാജഗരിയ, അവിൻ സാഹു എന്നിവരെ അഡീഷ്ണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർഎം നേർലിക്കർ ഒക്ടോബർ 11 വരെ റിമാൻഡ് ചെയ്തു. കൂടാതെ വിശദമായ അന്വേഷണത്തിനായി ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു.
കോടതിയിൽ വാദിച്ച സ്‌പേഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അദ്വൈത് സേത്‌നയാണ് കേസ് ഓരോ ഘട്ടത്തിലും വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക് മാറുന്നു എന്ന് അഭിപ്രായപ്പെട്ടത്. ഇത് ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ സങ്കീർണതകൾ നിറഞ്ഞതാണെന്നാണ് സേത്‌ന പറഞ്ഞത്. കേസിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ് ആർഎം നേർലിക്കർ ഒക്ടോബർ 11 വരെ പ്രതികളെ എൻസിബി കസ്റ്റഡിയിൽ വിട്ടത്.
എൻസിബിയുടെ റിമാൻഡിൽ ഉള്ള പ്രതികളുടെ ചോദ്യം ചെയ്യൽ രഹസ്യമായിരിക്കണമെന്ന് സേത്‌ന കോടതിയോട് അപേക്ഷിച്ചു. എന്നാൽ കേസ് വൻ ജനശ്രദ്ധ നേടിയ സാഹചര്യത്തിൽ ഇത് നടപ്പിലാക്കുക കഠിനമാണ്. അതീവ രഹസ്യമായി സംഘടിപ്പിച്ച റെയ്ഡ് എങ്ങനെയാണ് പരസ്യമായതെന്ന് സംബന്ധിച്ച വിശദാംശങ്ങൾ തിരയുകയാണ് എൻസിബി. പ്രതികളുടെ വെളിപ്പെടുത്തലുകൾ പരസ്യമാകുന്നത് തടയാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് എൻസിബി കോടതിയോട് അപേക്ഷിച്ചു. എന്നാൽ മാദ്ധ്യമങ്ങൾ കേസ് ഏറ്റെടുത്തതോടെ ഇത് സംബന്ധിച്ച ഉത്തരവ് നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.
















Comments