മനുഷ്യായുസിന്റെ ഇടയ്‌ക്ക് ഓരോ ഭാരതീയനും ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടം. ചരിത്ര പുസ്തകങ്ങളിലെ അധ്യായങ്ങളിൽ പ്രൗഢിയോടെ സുവർണ്ണ കാലഘട്ടം രേഖപ്പെടുത്തിയ വിജയ നഗരത്തിന്റെ തിലകക്കുറിയായ ഹംപി.
ദ്രാവിഡ കലാചാതുരിൽ കൊത്തിവെച്ച മഹാകാവ്യമെന്ന് ഹംപിയെ വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.
തുംഗഭദ്ര നദിയോടു ചേർന്ന് പ്രതാപകാലത്തിന്റെ മഹത്തായ ശേഷിപ്പുകൾ ഇന്നും തലയുയർത്തി നിൽക്കുകയാണ് വിജയ നഗരത്തിൽ. സിനിമകളിലൂടെയും യാത്രാ വിവരണങ്ങളിലൂടെയുമെല്ലാം സുപരിചിതമാണ് ഹംപി. , ചരിത്രമുറങ്ങുന്ന ഹംപിയെ കല്ലിൽ തീർത്ത ക്ഷേത്രങ്ങളാൽ നിറഞ്ഞ ഒരു മഹാ നഗരം എന്നുതന്നെ പറയാം. വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് ഈ പൈതൃക ഭൂമിയുടെ വിശേഷങ്ങൾ. അതുകൊണ്ടുതന്നെയാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇവിടം ഇടം പിടിച്ചത്.
ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി സ്ഥിതിചെയ്യുന്നത്. നിരവധി രാജാക്കൻമാരുടെ പടയോട്ടങ്ങൾക്ക് സാക്ഷിയായ ചരിത്ര ഭൂമി. വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ഭാഗമായിരുന്ന ഹംപി 1336 ലാണ് സ്ഥാപിച്ചത്. സംഗമ, സലുവ, തുളുവ, അരവിന്ദു തുടങ്ങിയ രാജവംശങ്ങളായിരുന്നു ഭരണം കൈയ്യാളിയിരുന്നത് . പതിനാറാം നൂറ്റാണ്ടിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്‌ക്കകത്തു നിന്നും പുറത്തുനിന്നും ഒട്ടേറെ പേർ വ്യാപാര ആവശ്യങ്ങൾക്കായി ഇവിടെയെത്താറുണ്ടായിരുന്നു.
1565-ൽ വിജയ നഗര സാമ്രാജ്യം ആക്രമിച്ച ഡക്കാൻ സുൽത്താൻമാർ ഹംപിയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി. തളിക്കോട്ട യുദ്ധം എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ യുദ്ധത്തിന്റെ ബാക്കിയായി അക്രമവും കൊള്ളയും മാസങ്ങളോളം തുടർന്നു. പ്രൗഢഗംഭീരങ്ങളായ ഇവിടുത്തെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും തകർക്കാൻ ആറു മാസം ശത്രുക്കൾക്ക് ചിലവഴിക്കേണ്ടി വന്നുവെന്ന് ചരിത്രം പറയുന്നു. എന്നിട്ടും പൂർണമായി തകർക്കാൻ ആകാതെ അക്രമികൾ നഗരം വിട്ടുപോയി. തിരികെ ഭരണത്തിലെത്തിയ വിജയ നഗര സാമ്രാജ്യത്തിലെ ഭരണാധികാരികൾക്ക് ഹംപിയുടെ പഴയ പ്രൗഡിയെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട പ്രശസ്തിയും പ്രതാപവും തിരികെ കൊണ്ടുവരാൻ കഴിയാത്ത വിധം നഗരം തകർക്കപ്പെട്ടിരുന്നു. ഇന്നിവിടം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്.
ഹംപിയിൽ എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങളാണ് എവിടെ തിരിഞ്ഞാലും കാണാൻ സാധിക്കുക. അതിനോടൊപ്പം തന്നെ മനോഹരങ്ങളായ കൊത്തു പണികളാൽ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ് ഈ സാംസ്‌കാരിക ഭൂമിക. ഓരോ നിർമിതികളിലും ഇതിഹാസ കാവ്യങ്ങളിലെ ഒരംശം കാണാൻ സാധിക്കും. രാമായണത്തിലെ സന്ദർഭങ്ങൾ തൂണുകളിൽ കൊത്തിവെച്ചിരിക്കുന്നു. നഗരത്തിലെ ഏറ്റവും പഴയതും ആകർഷണീയവുമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലിൽ കൊത്തിയ അപൂർവ ശിൽപ്പങ്ങൾ കൊണ്ട് സമൃദ്ധമാണിവിടം. 150 അടി ഉയരത്തിലുള്ള രണ്ട് വലിയ ഗോപുരങ്ങൾ ക്ഷേത്രത്തിന്റെ പ്രൗഡി വിളിച്ചോതുന്നു. ‘ബിസ്തപയ്യ ഗോപുരങ്ങൾ’ എന്ന ഈ നിർമ്മിതിയ്‌ക്ക് പതിനൊന്നു നിലകളുണ്ട്. വിശാലമായ അകത്തളം , രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ളസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന വലിയ സമുച്ചയമാണ് വിരൂപാക്ഷ ക്ഷേത്രം. ഗോപുരത്തിന്റെ പ്രതിബിംബം ഉൾഭാഗത്തെ ചുമരിൽ പതിക്കുന്ന പിൻഹോൾ ക്യാമറ എന്ന വിദ്യ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്.
ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ കിരീടമായിരുന്നുവെങ്കിൽ അതിലെ ഏറ്റവും വിലപിടിച്ച രത്നമാണ് വിഠല ക്ഷേത്രം. തട്ടി നോക്കിയാൽ പ്രത്യേക തരം സംഗീതം പൊഴിക്കുന്ന അനേകം കൽത്തൂണുകളടങ്ങിയ ദേവാലയം. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ വാസ്തുശിൽപ വിദ്യകളിൽ ഒന്നായിതിനെ കണക്കാക്കിയിരിക്കുന്നു.
ദ്രാവിഡിയൻ വാസ്തുശില്പ ചാരുതയാലും, കൊത്തുപണികളാലും അലംകൃതമായ ഹസാരെ രാമക്ഷേത്രമാണ് വിജയനഗരത്തിലെ മറ്റൊരു അത്ഭുത കാഴ്ച. ശ്രീരാമന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള സന്ദർഭങ്ങളുടെ ശിൽപ്പഭാഷ്യം ഇവിടത്തെ ചുവരുകളിൽ വായിച്ചെടുക്കാം. സന്ദർശകർക്ക് രാമായണ പാരായണം നടത്തിയതിന്റെ അത്മനിർവൃതി പ്രദാനം ചെയ്യുന്നു. ചില ഭാഗങ്ങളിൽ ഭാഗവത സന്ദർഭങ്ങളും കൊത്തിയിട്ടുണ്ട്. ബാലിയുടെയും, സുഗ്രീവന്റെയും രാജധാനിയായ കിഷ്‌കിന്ധയാണ് ഹംപിയെന്നാണ് വിശ്വാസം. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാൻ സൂപ്പാരി ബസാർ. വിജയനഗര സാമ്രാജ്യത്തിലെ ഒരു വ്യാപാര കേന്ദ്രമായിരുന്നു ഇത്.
ഹനുമാന്റെ ജനന സ്ഥലമായി കരുതുന്ന ആഞ്ജനേയാദ്രിയും ഇതിന് സമീപത്താണ്. വളഞ്ഞും തിരിഞ്ഞും പോകുന്ന അഞ്ഞുറോളം പടികൾ കയറിവേണം ആഞ്ജനേയാദ്രിയിലെത്താൻ. ഇതിന്റെ വടക്ക് ഭാഗത്തായി രാഞ്ജിയുടെ കൊട്ടാരവും ലോട്ടസ് മഹലും സ്ഥിതി ചെയ്യുന്നു. വിജയ നഗര സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ രാജാവായിരുന്നു കൃഷ്ണ ദേവരായരുടെ പത്നി ചിന്നാ ദേവിയുടേതാണ് ഈ കൊട്ടാരം. രാജ്ഞിക്ക് നീരാടാനായി തീർത്ത ജല മഹൽ എന്ന കൃത്രിമ കുളം കൊട്ടാരത്തിനോടു ചേർന്നു തന്നെ നിലകൊള്ളുന്നു. ജല മഹലിൽ നിന്നു അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് ലോട്ടസ് മഹൽ. ചുണ്ണാമ്പ്, വെല്ലം, കോഴി മുട്ട, മണ്ണ് എന്നിവ കൊണ്ട് നിർമിച്ച ലോട്ടസ് മഹൽ പുരാതന വാസ്തു വിദ്യയുടെ വിസ്മയമാണ്.
നഗരം തകർക്കപ്പെട്ടതിനു ശേഷവും തല ഉയർത്തി നിൽക്കുന്നതാണ് നരസിംഹ വിഗ്രഹം. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കൽ ശിൽപമാണിത്. മടിയിൽ ലക്ഷ്മീ ദേവിയെ ഇരുത്തിയ ലക്ഷ്മീ നരസിംഹവിഗ്രഹം ആയിരുന്നു ഈ ഒറ്റക്കൽ ശിൽപം എന്നാണ് കണക്കാക്കുന്നത്. സുൽത്താൻമാരുടെ ആക്രമണ സമയത്ത് ദേവീരൂപം തകർക്കപ്പെടുകയായിരുന്നു.
കൈകൾ പകുതിവച്ച് നഷ്ടമായിട്ടുണ്ടെങ്കിലും ഗംഭീരമായ ഭാവം നിറഞ്ഞ നരസിംഹവിഗ്രഹം ഇന്ന് ഹംപിയുടെയും കർണാടക വിനോദസഞ്ചാരത്തിന്റെയും മുഖമാണ്. പൂർവകാലത്ത് ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെയും ശില്പങ്ങളുടെയും കൊട്ടാരങ്ങളുടെയും 10% മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എന്നറിയുമ്പോഴാണ് പ്രതാപ കാലത്തെ ഹംപിയുടെ വ്യാപ്തിയും പ്രൗഢിയും വിവരണാതീതമാകുന്നത്. തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഹംപി, ഒരു ലോക മഹാത്ഭുതം തന്നെയായി തീർന്നേനെയെന്ന കാര്യത്തിൽ തർക്കമില്ല.
Comments