ജനീവ: ലോകത്തെ 500 കോടിയിലധികം ആളുകൾ 2050 ഓടെ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് ലോക അന്തരീക്ഷ പഠനകേന്ദ്രം അറിയിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം 2018 മുതൽ ലോകത്തെ 3.6 ബില്ല്യൺ ആളുകൾ പ്രതിവർഷം കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം നേരിടുന്നു. 2050 ഓടെ ഇത് അഞ്ച് ബില്ല്യണായി ഉയരുമെന്നാണ് റിപ്പോർട്ട്. ദി സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് സർവീസസ് 2021: വാട്ടറാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ആഗോളതലത്തിൽ ജലക്ഷാമം രൂക്ഷമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ ജലസംരക്ഷണത്തിന് അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ഉയർന്നു വരുന്ന താപനില അന്തരീക്ഷത്തെ വളരെ അധികം ബാധിക്കുന്നു. ഇതുമൂലം പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുകയും ഭൂമിയുടെ സന്തുലിതാവസ്ഥയ്‌ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. മാത്രമല്ല, ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെയും ആരോഗ്യത്തെയും ഇത് ബാധിക്കുന്നു’ ലോക അന്തരീക്ഷ പഠനകേന്ദ്രം സെക്രട്ടറി ജനറൽ പ്രൊഫസർ പീറ്റെരി താലസ് പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ പ്രകൃതിയിലെ ശുദ്ധ ജലത്തിന്റെ അളവ് ഒരു സെന്റിമീറ്റർ എന്നതോതിൽ കുറഞ്ഞു. അന്റാർട്ടിക്കയിലും, ഗ്രീൻലാൻഡിലുമാണ് ഇതിന്റെ അനന്തരഫലങ്ങൾ ഏറ്റവും അധികം പ്രകടമായത്. 2000 ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ 137 ശതമാനം വർദ്ധിച്ചു. വരൾച്ചയുടെ എണ്ണവും ഗണ്യമായി ഉയർന്നു. ഭൂമിയിൽ ഇനി അവശേഷിക്കുന്നത് ഏകദേശം 0.5 ശതമാനം ശുദ്ധജലം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്.
വരൾച്ച മൂലം ഏറ്റവും അധികം ആളുകൾ മരണപ്പെട്ടത് ആഫ്രിക്കയിലാണ്. അതേസമയം വെള്ളപ്പൊക്കം ഏറ്റവും അധികം ദുരന്തം വിതച്ചത് ഏഷ്യയിലും.
















Comments