ന്യൂഡൽഹി: കോടികൾ വിലയുള്ള മയക്കുമരുന്നുമായി മൂന്ന് ആഫ്രിക്കൻ പൗരന്മാർ ഡൽഹി പോലീസിന്റെ പിടിയിൽ. അന്താരാഷ്‌ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ നിരവധി മയക്കുമരുന്ന് സംഘങ്ങളുടെ തലവനാണെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്റ്റാൻലി ചൈമൈസ് അലസോണി എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് പിടിയിലായി. ഹെൻട്രി ഒക്കോളിയും, ഉചെച്ചുക്വു പീറ്റർ ഇഗ്‌ബോനാജുവുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ. ഇവരിൽ നിന്നും 1.3 കിലോഗ്രാം ഹെറോയിനാണ് പോലീസ് കണ്ടെത്തിയത്.
‘ഡൽഹിയിലെ ഉത്തം നഗറും, മോഹൻ ഗാർഡനും കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തനം. അസാധുവായ വിസകൾ ഉപയോഗിച്ചാണ് ഇവർ ഇത്രയും നാൾ ഇന്ത്യയിൽ താമസിച്ചത്. നൈജീരിയയിൽ നിന്നും റഷ്യ വഴിയാണ് ഇന്ത്യയിലേയ്‌ക്ക് പ്രതികൾ മയക്കുമരുന്ന് കടത്തിയിരുന്നത്’ ഡെപ്യൂട്ടി കമ്മീഷ്ണർ ശങ്കർ ചൗധരി പറഞ്ഞു.
2019ൽ ബംഗ്ലാദേശ് മാർഗമാണ് രണ്ട് പ്രതികൾ ഇന്ത്യയിൽ എത്തിയത്. ആഫ്രിക്കൻ മയക്കുമരുന്നുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ് പ്രതികൾ പോലീസിനോട് പറഞ്ഞു.
















Comments