സൂറിച്ച്: തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ അമേരിക്കയുടെ ഇടപെടൽ നിർത്തണമെന്ന ആവശ്യം ആവർത്തിച്ച് ചൈന. സൂറിച്ചിൽ വച്ച് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈന തുറന്നടിച്ചത്. ചൈനീസ് സ്ഥാനപതി യാംഗ് ജെയ്ച്ചിയാണ് അമേരിക്കയുടെ വിദേശകാര്യ നയത്തിൽ നിന്നും ചൈനയുടെ ആഭ്യന്തരവിഷയങ്ങളെ ഒഴിവാക്കണമെന്ന നിർദ്ദേശം വച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടം രാഷ്‌ട്രീയകാര്യസ സമിതി അംഗമായ യാംഗ് സള്ളിവനുമായി നടത്തിയത് വളരെ ക്രീയാത്മകമായ കൂടിക്കാഴ്ചയാണെന്നും വ്യക്തമാക്കി. അമേരിക്കയും ചൈനയും തമ്മിൽ സഹകരിക്കുന്ന നിരവധി മേഖലകളുണ്ട്. അവയിൽ മുന്നോട്ട് പോകാനാണ് താൽപ്പര്യം. അതേസമയം തങ്ങളുടെ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിഷയത്തിൽ നടപടി എടുക്കാനുള്ള പൂർണ്ണ അധികാരം തങ്ങൾക്ക് തന്നെയാണെന്നും യാംഗ് സള്ളിവനെ അറിയിച്ചു.
ചൈന-അമേരിക്ക ബന്ധം വിശകലനം ചെയ്യുമ്പോൾ അത് മത്സരമായി കണകാക്കരുതെന്ന അഭ്യർത്ഥനയും ചൈന നടത്തി. സമീപകാലത്തെ കിട മത്സരങ്ങൾ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യില്ലെന്നും യാംഗ് പറഞ്ഞു. വികസനം ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളേയും സഹായിക്കാൻ തങ്ങളൊരുക്കമാണ്. അത്തരം മേഖലകളിൽ പരസ്പര സഹകരണമാണ് അമേരിക്കയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് അംബാസഡർ വ്യക്തമാക്കി.
Comments