പാറ്റ്‌ന: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ടതോടെ ദുർഗാദേവിക്ക് വേറിട്ട രീതിയിൽ ആത്മസമർപ്പണം നടത്തുകയാണ് ബിഹാറിലെ ക്ഷേത്ര പൂജാരിയായ നാഗേശ്വർ ബാബ. ദേവിയുടെ പ്രതിഷ്ഠയ്‌ക്ക് മുന്നിൽ കിടന്ന് നെഞ്ചിൽ കലശ കുടങ്ങൾ ഒന്നിന് മീതെ മറ്റൊന്നായി വച്ചുകൊണ്ടാണ് നാഗേശ്വർ നവരാത്രി വ്രതം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പടിപടിയായി വെക്കാൻ ഉപയോഗിച്ചത് ജലം നിറച്ച 21 കുടങ്ങളാണ്.
നവരാത്രി ദിനമെത്തുമ്പോഴാണ് നെഞ്ചിൽ അടുക്കി വെച്ച കലശ കുടങ്ങൾ എടുത്ത് മാറ്റുക. അതിനാൽ വരുന്ന ഒമ്പത് ദിവസവും കുടം ഇതുപോലെ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിൽ നിലനിൽക്കും. വെള്ളം പോലും കുടിക്കാതെയുള്ള കഠിനമായ വ്രതമാണ് ഒമ്പത് ദിവസവും നാഗേശ്വർ പാലിക്കുക.
നാഗേശ്വർ ബാബയുടെ അപൂർവമായ ഈ വ്രതം കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ തുടരുകയാണ്. ഇതിനായി 15 ദിവസം മുമ്പ് തൊട്ടേ നാഗേശ്വർ ഒരുക്കങ്ങൾ ആരംഭിക്കും. ആഹാരം കഴിക്കാതെയുള്ള വ്രതം പൂർത്തിയാക്കുന്നതിന് ശാരീരികമായും മാനസികമായും അദ്ദേഹം തയ്യാറെടുക്കും.
എന്നാൽ എന്തിനാണ് ഇത്തരത്തിൽ കഠിനമായൊരു വ്രതം നവരാത്രിക്ക് അനുഷ്ഠിക്കുന്നതെന്ന് നാഗേശ്വറിനോട് ചോദിച്ചാൽ അതിന് കാരണമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. വർഷങ്ങൾക്ക് മുമ്പ് വൃക്ക തകരാറിലായി മരണക്കിടക്കിയിലായിരുന്നു നാഗേശ്വർ. രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ ഘട്ടത്തിൽ തനിക്ക് തുണയായത് ദേവി ദുർഗയാണെന്നാണ് നാഗേശ്വറിന്റെ വിശ്വാസം. അതിനാൽ രോഗമുക്തനായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നാഗേശ്വർ തന്റെ കൃതജ്ഞതയാണ് വ്രതത്തിലൂടെ ദേവിക്ക് സമർപ്പിക്കുന്നതെന്നും പറയുന്നു.
















Comments