വാഷിംഗ്ടൺ: ശസ്ത്രക്രിയയിൽ പല അബദ്ധങ്ങളും പറ്റുന്നത് വാർത്തയാവാറുണ്ട്.പഞ്ഞി മുതൽ കത്രിക വരെ ശരീരത്തിനകത്ത് മറന്നുവെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപേ ഇവയെല്ലാം ഡോക്ടർമാർ പരിഹരിക്കാറാണ് പതിവ്.
എന്നാൽ ഇത്തവണ ഡോകടർമാർക്ക് രോഗിയുടെ ശരീരത്തിൽ നിന്നും സിമന്റ് കഷ്ണമാണ് ലഭിച്ചത്. അൻപത്തിയാറുകാരനായ രോഗി ദിവസങ്ങൾക്ക് മുൻപ് നട്ടെല്ലിന് ഒരു ഓപ്പറേഷൻ നടത്തിയിരുന്നു.വീട്ടിൽ എത്തിയതിന് ശേഷം ഇയാൾക്ക് നെഞ്ചുവേദനയും ശ്വാസ തടസ്സവുമുണ്ടായി. തുടർന്ന് നടന്ന പരിശോധനയിലാണ് 10 സെന്റീമീറ്ററോളം വലുപ്പമുള്ള സിമന്റ് കഷ്ണം ഹൃദയത്തിൽ തറച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് രോഗി കൈഫോപ്ലാസി എന്ന ഓപ്പറേഷന് വിധേയനായിരുന്നു.തകരാറു സംഭവിച്ച കശേരുക്കളെ ചികിത്സിക്കുന്നതിനാണ് ഇത് നടത്തുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ സിമന്റ് കുത്തിവെയ്‌ക്കാറുണ്ട്.ഇതാണ് രക്ത ധമനികളിലൂടെ സഞ്ചരിച്ച് ഹൃദയത്തിൽ അടിഞ്ഞുകൂടി പ്രശ്‌നക്കാരനായത്. 10.1സെന്റീമീറ്റർ നീളവും 0.2 വ്യാസവുമുള്ള സിമന്റ് കഷ്ണമാണ് രോഗിയുടെ ഹൃദയത്തിൽ നിന്നും നീക്കം ചെയ്തത്. ഓപ്പറഷന് ശേഷം രോഗിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Comments