ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ഭരണം നിലനിർത്തുമെന്ന് സർവ്വേ റിപ്പോർട്ട്. എബിപി സിവോട്ടർ നടത്തിയ സർവ്വേ പ്രകാരം സമാജ് വാദി പാർട്ടിയെയും ബിഎസ്പിയെയും കോൺഗ്രസിനേയും പിന്തള്ളിക്കൊണ്ട് ബിജെപി ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർവ്വേ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. മുൻപ് നടന്ന അഭിപ്രായ വോട്ടുകളിലും യോഗി ഭരണം നിലനിർത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യ ഉള്ള സംസ്ഥാനത്തെ ഏറ്റവുമധികം ജനങ്ങൾ തെരഞ്ഞെടുത്തത് നിലവിലെ സർക്കാരിനെ തന്നെയാണെന്നാണ് അഭിപ്രായ സർവ്വേ വെളിപ്പെടുത്തുന്നത്. സർവ്വേ പ്രകാരം ഭരണകക്ഷിയായ ബിജെപി 41.3 ശതമാനം വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിലും 41.4 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 സീറ്റുകളിൽ ബിജെപിക്ക് 241-249 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് നിരീക്ഷണം.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെ വോട്ട് വിഹിതം 23.6 ശതമാനത്തിൽ നിന്ന് 32.4 ശതമാനമായി ഉയരുമെന്ന് സർവ്വേ ഫലങ്ങൾ പറയുന്നു. അതേസമയം മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയുടെ വോട്ട് വിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 20.5 ശതമാനത്തിൽ നിന്ന് 14.7 ശതമാനമായി കുറയാനാണ് സാദ്ധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വൻ തോൽവി നേരിട്ട കോൺഗ്രസിന് 5.6 ശതമാനം വോട്ട് മാത്രമേ ലഭിക്കു എന്നും സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 6.3 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
















Comments