ലക്‌നൗ: ലഖീംപൂർ ഖേരി ആക്രമണത്തിൽ ആരോപണ വിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മകൻ നിരപരാധിയാണെന്നും ഇന്നലെ ചോദ്യം ചെയ്യലിന് എത്താഞ്ഞത് സുഖമില്ലാതിരുന്നതിനാലാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പോലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അതിനിടെ കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും തെളിവുകൾ ഇല്ലാതെ ആർക്കെതിരേയും കേസെടുക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രതിപക്ഷം സംഭവത്തെ രാഷ്‌ട്രീയവത്കരിക്കുകയാണെന്നും യോഗി വിമർശിച്ചു. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
ഒക്ടോബർ മൂന്നിനാണ് ലഖീംപൂർ ഖേരിയിൽ ആക്രമണം നടന്നത്. പ്രതിഷേധ സംഘടനകൾ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ മരിച്ചു. തുടർന്ന് പ്രതിഷേധക്കാർ കാറിലുണ്ടായിരുന്നവരെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേന്ദ്രമന്ത്രിയുടെ മകനാണ് കർഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. കേസിന്റെ അന്വേഷണം ഉന്നത ഏജൻസികൾക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
















Comments