വിവാഹം ആര്‍ഭാടത്തോടെ നടത്തുന്നവര്‍ ഏറെയാണ്. അതിന്റെ തുടക്കം വിവാഹ ക്ഷണക്കത്തില്‍ നിന്നു തന്നെയാണ്. വിവാഹ തീയതിയും സമയവും വധൂവരന്മാരുടെ വിവരങ്ങളും അറിയിക്കാനായി ആളുകള്‍ വളരെ വിലകൂടിയ വ്യത്യസ്തതയാര്‍ന്ന ക്ഷണക്കത്തുകള്‍ തയ്യാറാക്കുമ്പോള്‍ വള്ളിക്കുന്ന് കച്ചേരിക്കുന്ന് കെ. മോഹന്‍ദാസ് വളരെ ലളിതമായാണ് തന്റെ മകന്റെ വിവാഹക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ഭാവി മരുമകളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് അതോടൊപ്പം അദ്ദേഹം പറഞ്ഞത്. മുപ്പത്തിമൂന്ന് വര്‍ഷമായി ചേളാരി തയ്യിലക്കടവില്‍ റേഷന്‍കട നടത്തുകയാണ് മോഹന്‍ദാസ്.
തന്റെ ജോലിയോടും ആ സ്ഥാപനത്തോടും ഉള്ള ഇഷ്ടം കാരണമാകാം മകന്റെ വിവാഹക്ഷണക്കത്ത് അടിക്കാന്‍ നേരം മനസ്സില്‍ വന്നത് ആ ഒരൊറ്റ മാതൃക മാത്രം. അതുകൊണ്ട് തന്നെ മകന് അരുണ്‍ ദാസിന്റ വിവാഹക്ഷണക്കത്ത് റേഷന്ക്കാര്ഡിന്റെ രൂപത്തിലാണ് മോഹന്‍ദാസ് അച്ചടിച്ചത്. ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മുന്‍ഗണന നല്കുന്ന സ്ഥലമാണ് റേഷന്‍ കട. അതുപോലെ തന്നെയാണ് ക്ഷണക്കത്തും ഇവിടെ ആഡംബരം ഇല്ല. വിവാഹത്തിന്റെ വിവരങ്ങള്‍ മാത്രം, വരന്റേയും വധുവിന്റേയും പേര്, വിവാഹവേദി, മുഹൂര്‍ത്തം തുടങ്ങിയ ആവശ്യ വിവരങ്ങള്‍ മാത്രം.
ഒപ്പം റേഷന്‍ കാര്‍ഡ് നമ്പറിന്റെ സ്ഥാനത്ത് ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ദുബായില്‍ ബിസിനസ് നടത്തുന്ന അരുണ്‍കുമാറിന്റെ വിവാഹം മാങ്ങാട്ടിരി സ്വദേശിനിയായ അനുത്തമയും തമ്മിലുളള വിവാഹം ഈമാസം 28ന് വധൂഗൃഹത്തില്‍ വെച്ചാണ് നടത്തുന്നത്. വിവാഹത്തിനു ശേഷം മോഹന്‍ദാസിന്റെ വീട്ടില്‍ വച്ച് സൗഹൃദ സല്‍ക്കാരവും നടത്തും. ഓരോ കാര്യത്തിലും വ്യത്യസ്തതകള്‍ നിറച്ചു വൈറലാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്കിടയില്‍ ഇപ്പോഴിതാ വളരെ ലളിതമായ വിവാഹ കത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് മോഹന്‍ദാസ്
Comments