സൈക്കിൾ യാത്രയിലൂടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും നേരിട്ട് അനുഭവിച്ചറിഞ്ഞ് മലയാളി യുവാവ്. ആന്ധ്രാപ്രദേശിലെ ഉഷ്ണകാറ്റും ലഡാക്കിലെ മൈനസ് രണ്ട് ഡിഗ്രി തണുപ്പും. 17 സംസ്ഥാനങ്ങളിലൂടെ 8,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് 67 ദിവസങ്ങൾ. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കൊരു യാത്ര എന്നത് ദീർഘകാലമായി കണ്ടിരുന്ന സ്വപ്‌നം. അത്ഭുതമെന്ന് തോന്നാവുന്ന ദൂരം താണ്ടാൻ തൃശ്ശൂർ സ്വദേശിയായ അരുണിന് കരുത്തായത് തന്റെ ദൃഢനിശ്ചയം ഒന്നു മാത്രം.
തൃശൂർ തളിക്കുളം സ്‌നേഹതീരത്തു നിന്നു ആരംഭിച്ച യാത്ര വടക്കേ ഇന്ത്യയുടെ അറ്റമായ ലഡാക്കിലേക്ക് എത്തിച്ചേരാൻ 67 ദിവസങ്ങൾ വേണ്ടിവന്നു. ഓഗസ്റ്റ് അഞ്ചിന് സ്‌നേഹതീരത്തുനിന്നും രാവിലെ എട്ടിനാണ് യാത്ര ആരംഭിച്ചത്. തന്റെ ലക്ഷ്യസ്ഥാനമായ കർദുങ്കലാപാസിൽ 40 ദിവസങ്ങൾ കൊണ്ട് എത്തിച്ചേർന്നു. ഈ യാത്രയിൽ അനുഭവിച്ചറിഞ്ഞത് വ്യത്യസ്തമായ കാലാവസ്ഥ, വൈവിധ്യമേറിയ ഭക്ഷണം, വിവിധ ഭാഷകൾ,ആചാരങ്ങൾ, സംസ്‌കാരങ്ങൾ അക്ഷരാർഥത്തിൽ ഇന്ത്യയുടെ ആത്മാവിനെ അനുഭവിച്ചറിഞ്ഞുളള യാത്ര.
ഇന്ത്യയുടെ വടക്കേ അറ്റമായ കർദുങ്കലാപാസിൽ എത്തിയപ്പോൾ മൈനസ് 2 ഡിഗ്രിയാണ് തണുപ്പുളള കാലാവസ്ഥയാണ് അരുണിനെ വരവേറ്റത്. കേരളത്തിൽ നിന്നും തികച്ചും വിഭിന്നമായ കാലാവസ്ഥ. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കൊടും തണുപ്പിലും ഊഷ്മളതയാണ് അനുഭവപ്പെട്ടത്. യാത്രയിലുടനീളം അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ നേരിട്ടുവെങ്കിലും നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് പോയി.
ഒരു ദിവസം 150 കിലോമീറ്റർ ദൂരമാണ് അരുൺ യാത്രയ്‌ക്കായി ചിട്ടപ്പെടുത്തിയിരുന്നത്. ദിവസവും രാവിലെ അഞ്ചിന് ആരംഭിക്കുന്ന സൈക്കിൾ യാത്ര വൈകീട്ട് ആറിനോ ഏഴിനോ അവസാനിപ്പിക്കും. അപരിചിതമായ സ്ഥലങ്ങളിൽ കടകളൊക്കെ അടയ്‌ക്കുന്നതിനു മുമ്പ് എത്തിച്ചേരും. ഏതെങ്കിലും ഒരു കടയുടമയോട് അനുവാദം ചോദിച്ചശേഷം സ്ഥാപനത്തിനു മുന്നിൽ ടെന്റ് ഒരുക്കി കിടന്നുറങ്ങും.
കട പൂട്ടുന്നതിനുമുമ്പ് മൊബൈൽ ചാർജ് ചെയ്യാനും ശ്രമിക്കും. വയറിന് കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രയിലുടനീളം കഴിച്ചിരുന്നത്. കേരളത്തിലും കർണ്ണാടകയിലും മൃഗങ്ങളുടെ ശല്യം ഉണ്ടായെങ്കിലും മറ്റൊരിടത്തും അത് അനുഭവപ്പെട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്തോറും നഗരങ്ങൾ ബൈപ്പാസ് റോഡിൽ നിന്നും ദൂരത്തിൽ ആയതുകൊണ്ട് സൈക്കിൾ മെയിൻറനൻസ് ചെയ്യുന്നത് ശ്രമകരമായിരുന്നു.
ഓരോ 300 കിലോമീറ്ററിലും സൈക്കിളിന്റെ വീൽ ബെയറിങ്ങിലെ ബോളുകൾ മാറ്റണം. ഗുജറാത്തിൽ ഒരിടത്ത്വച്ച് ടയർ പൊട്ടിയത് മറക്കാനാകാത്ത അനുഭവമാണെന്ന് അരുൺ ഓർക്കുന്നു. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല. എന്നാൽ സ്വദേശിയായ ഒരാൾ ബൈക്കിനു പുറകിൽ സൈക്കിളും ഏറ്റി അരുണിനെയും കൊണ്ടുപോയതും നന്ദിയോടെ സ്മരിക്കുന്നു. കടക്കാരനെ വീട്ടിൽ പോയി വിളിച്ചുകൊണ്ടുവന്ന് കട തുറപ്പിച്ചാണ് സൈക്കിൾ ടയർ മാറ്റിയത്.
കോഴിക്കോട്, മംഗലാപുരം, ഗോവ, മഹാരാഷ്‌ട്ര, ഹരിയാന,പഞ്ചാബ്, ജമ്മു, കാശ്മീർ വഴിയാണ് ലഡാക്കിലേക്ക് അരുൺ യാത്ര ചെയ്തത്. 4750 കി.മീ ദൂരമാണ് സൈക്കിൾ ചവിട്ടിയത്. 40 ദിവസങ്ങൾ അതിനു വേണ്ടി എടുത്തു. തിരിച്ച് ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്‌നാട്, സേലം കോയമ്പത്തൂർ, പാലക്കാട് വഴി 3800 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊണ്ടുതന്നെ തിരിച്ച് നാട്ടിലേക്കുള്ള യാത്രയും. മൊത്തം 8000 കിലോമീറ്റർ.
67 ദിവസങ്ങൾ കൊണ്ട് 17 സംസ്ഥാനങ്ങളിലൂടെ യാത്രചെയ്തു. യാത്രക്കൊടുവിൽ അരുണിന്റെ ഭാരം 20 കിലോയോളം കുറഞ്ഞു. എല്ലാ വൈതരണികളും തരണം ചെയ്ത് തളിക്കുളത്തെ വീട്ടിൽ തിരിച്ചെത്തിയ അരുണിനെ നാട്ടുകാരും സുഹൃത്തുകളും ചേർന്ന് വീരോചിതമായ സ്വീകരണത്തോടെയാണ് വരവേറ്റത്. തൊഴുത്തുംപറമ്പിൽ സതീഷന്റെയും റെജീനയുടെയും മകനാണ് അരുൺദേവ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കി ഭാരതത്തിന്റെ അത്മാവിനെ അടുത്തറിയാൻ സാധിച്ച സ്വപ്നയാത്ര യാഥാർഥ്യമായതിന്റെ ആത്മനിർവൃതിയിലാണ് അരുണിപ്പോൾ.















Comments