ന്യൂഡൽഹി : ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം രചിച്ച് ഇന്ത്യൻ സ്പേസ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ഇന്ത്യൻ സ്പേസ് അസോസിയേഷൻ( ഐഎസ്പിഎ)പ്രാദേശികമായി ബഹിരാകാശ സംബന്ധമായ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്‌മൈ ഇന്ത്യ, വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ്, ആനന്ദ് ടെക്‌നോളി പോലുള്ള കമ്പനികളാണ് അസോസിയേഷനിൽ പങ്കാളികളാകുന്നത്.
ഉദ്ഘാടന പ്രസംഗത്തിനിടെ ഇൻഫർമേഷൻ ടെക്‌നോളജി യുഗത്തിൽ നിന്ന് ബഹിരാകാശ യുഗത്തിലേക്ക് ലോകം നീങ്ങുകയാണെന്നും എന്നാൽ ഇന്ത്യയെ പിന്നിലാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ബഹിരാകാശ ഗവേഷണ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്പിഎ, ഐഎസ്ആർഓയുമായി സഹകരിച്ച് പ്രവർത്തിക്കും.
ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നവീകരണത്തിൽ സ്വകാര്യമേഖലയ്‌ക്കുള്ള സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാരം,യുവാക്കളെ ഭാവിയിലേക്ക് സസന്നദ്ധരാക്കുന്നത്, ബഹിരാകാശ മേഖലയെ സാധാരണക്കാരന്റെ പുരോഗതിക്കുള്ള ഉറവിടമായി കാണുന്നത്, തുടങ്ങിയവയാണ് ഈ തൂണുകളെന്ന് അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ സഹായത്തോടെ രാജ്യം സമഗ്രമായ പരിഷ്‌കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.ഇത് ആഗോള വികസനത്തിന് സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്‌ക്ക് ഇനി കാത്തിരിക്കാൻ സമയമില്ലെന്നും പുത്തൻ മാറ്റങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞെന്നും അദ്ദേഹം ചടങ്ങിനിടെ വ്യക്തമാക്കി. സർക്കാരും പുതിയ സംരംഭകരും തമ്മിലുള്ള സംയോജിത പ്രവർത്തനത്തിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര പെൺകുട്ടി ദിനത്തോടനുബന്ധിച്ച് വനിതാ ശാസ്ത്രജ്ഞർ നടത്തിയ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെയും ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.
















Comments