ന്യൂഡൽഹി: നൂറ് കോടി വാക്‌സിൻ വിതരണം ചെയ്ത നേട്ടം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ കൈവരിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ന് വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 95.82 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ഇന്ന് മാത്രം 59 ലക്ഷം പേരാണ് കുത്തിവെയ്‌പ്പെടുത്തത്.
രാജ്യത്ത് 18ന് വയസിന് മുകളിലുള്ള 73 ശതമാനം ആളുകളും വാക്‌സിനെടുത്തവരാണ്. എല്ലാവരിലും രണ്ടാമത്തെ ഡോസ് എത്തിക്കാനുള്ള ശ്രമങ്ങളും ദ്രുതഗതിയിലാണ്. എത്രയും വേഗം തന്നെ രാജ്യത്തിന് അഭിമാനമേകുന്ന നിമിഷത്തിൽ നാമെത്തി ചേരുമെന്നും 100 കോടി കൈവരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
ജനുവരി 16ന് ആരംഭിച്ച രാജ്യവ്യാപക കൊറോണ പ്രതിരോധ കുത്തിവെയ്പ്പിൽ ഇതിനോടകം പകുതിയിലധികം ജനങ്ങളും പങ്കാളികളായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടിക്കും ഇന്ത്യയിൽ തുടക്കമിട്ടു. രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കിയെന്ന് കരുതുമ്പോഴും മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകളുമായി സജ്ജമാണ് രാജ്യം. ഇതിനിടെ 18ന് താഴെയുള്ളവർക്കും കുട്ടികൾക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഇന്ത്യയിൽ പുരോഗമിക്കുന്നുണ്ട്.
Comments