ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 97 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുത്തിവെയ്പ്പിന് ഉപയോഗിക്കാത്ത എട്ട് കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനോടകം രാജ്യത്ത് 95.8 കോടി വാക്‌സിൻ ഡോസുകളാണ് ആളുകൾ സ്വീകരിച്ചിട്ടുള്ളത്. ജനുവരി 16ന് തുടങ്ങിയ രാജ്യവ്യാപക കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ള 70 ശതമാനത്തിലധികം പേർ വാക്‌സിനേഷൻ നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ 100 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്ത് പ്രതിരോധ കുത്തിവെയ്പ്പിൽ ഇന്ത്യ വീണ്ടും നാഴിക കല്ലുകൾ പിന്നിടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പ്രതിദിനം അരക്കോടിയിലധികം ഡോസുകളാണ് രാജ്യത്ത് ആളുകൾ സ്വീകരിച്ചിരുന്നത്. പല ദിവസങ്ങളിലും ഇത് ഒരു കോടിയും പിന്നിട്ടിരുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനായി പരമാവധി വേഗത്തിൽ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കുകയെന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. നിരന്തരമായ പോരാട്ടത്തിനൊടുവിൽ രണ്ടാം തരംഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജാഗ്രത കൈവിടരുതെന്നും മൂന്നാം തരംഗത്തെ നേരിടാൻ സജ്ജരായിരിക്കണമെന്നുമാണ് സർക്കാരിന്റെ നിർദേശം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000ത്തിൽ താഴെ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 14,313 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ പ്രതിദിന രോഗികൾ ഇത്രയേറെ കുറയുന്നത് ആദ്യമായാണ്. നിലവിൽ രണ്ടേകാൽ ലക്ഷത്തിന് താഴെ രോഗികൾ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
















Comments