മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ കനത്ത മഴയെ തുടർന്ന് തകർന്ന് വീണു. സമീപത്തെ വീടിനും കിണറിനും മുകളിലേക്കാണ് തകർന്ന് വീണത്. അയനിക്കാട് ഉമ്മറിന്റെതാണ് വീടും പുരയിടവും. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചിരുന്നു. പുലർച്ചെയായിരുന്നു അപകടം. വീടിന്റെ പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന മതിൽ കുട്ടികൾ കിടന്നിരുന്ന മുറിയിലേക്ക് വീഴുകയായിരുന്നു. രാത്രി മുഴുവൻ അതിശക്തമായ മഴയാണ് മലപ്പുറം ജില്ലയിൽ പെയ്തിരുന്നത്.
സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരുകയാണ്. തൃശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ തുടരുന്നത്. ജലനിരപ്പ് ഉയർന്നതോടെ പറമ്പിക്കുളം, അപ്പർ ഷോളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. വെള്ളം കയറിയതിനെ തുടർന്ന് അതിരപ്പിള്ളി റോഡും അടച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിനടിയിലാണ്.
















Comments