തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തി ഐഷ സുൽത്താന. ഐഷ സുൽത്താനയ്‌ക്ക് മുഖ്യമന്ത്രി എല്ലാ പുന്തുണയും പ്രഖ്യാപിച്ചു. പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും പിന്തുണ നൽകുമെന്നും അറിയിച്ചതായി ഐഷ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം വ്യക്തമാക്കി. ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് നിലനിൽക്കെയാണ് സന്ദർശനം.
ലക്ഷദ്വീപ് വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രി സംസാരിച്ചത്. സർക്കാർ നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. നേരത്തെ കാണാൻ ശ്രമിച്ചെങ്കിലും ഇപ്പോഴാണ് സാധിച്ചത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളില്ലെന്നും അവർ പറഞ്ഞു.
ലക്ഷദ്വീപിൽ കൊറോണയെ കേന്ദ്രസർക്കാർ ബയോവെപ്പണായി പ്രയോഗിക്കുന്നുവെന്ന പരാമർശത്തിലാണ് ഐഷ സുൽത്താന നിയമ നടപടി നേരിടുന്നത്. മീഡിയ വൺ ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു പരാമർശം. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ബയോവെപ്പൺ പരാമർശം പിൻവലിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി ആവശ്യപ്പെട്ടെങ്കിലും ഐഷാ സുൽത്താനയോ ചാനലോ അനുകൂല നിലപാട് സ്വീകരിച്ചില്ല. ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഐഷയ്‌ക്കെതിരെ പരാതി നൽകിയത്. കേസിൽ ഐഷയെ കവരത്തി പോലീസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
















Comments