ന്യൂയോർക്: ആഗോളതലത്തിൽ സുസ്ഥിര വികസനം എന്നതിലാകണം ഏവരുടേയും ചിന്തയെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ പൊതുയോഗത്തിലാണ് ഇന്ത്യ വികസന നയം വ്യക്തമാക്കിയത്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളും ഒത്തുചേർന്നുള്ള പരിശ്രമമാണ് വേണ്ടതെന്നും വികസനം ഒറ്റ തിരിഞ്ഞുള്ളതാകരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കായി യു.എൻ ഫസറ്റ് സെക്രട്ടറി സ്‌നേഹാ ദുബെയാണ് വിഷയം അവതരിപ്പിച്ചത്.
‘ഇന്ത്യ എന്നും മനുഷ്യകേന്ദ്രീകൃത ആഗോള നന്മയാണ് ആഗ്രഹിക്കുന്നത്. ഏത് നയം രൂപീകരിക്കുമ്പോഴും ആഗോളതലത്തിലെ സാധാരണ മനുഷ്യനെ അത് എങ്ങനെ ബാധിക്കുന്നു എന്ന വിശകലനം ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും ഒരു പോലെ ബാദ്ധ്യതയുണ്ട്. വികസനത്തിന്റെ കാര്യത്തിലും സുസ്ഥിരമായ ലക്ഷ്യമാണ് വേണ്ടത്. കാലാവസ്ഥാ വിഷയത്തിൽ പാരീസ് ഉടമ്പടി പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുന്ന ഏക രാജ്യം തങ്ങളാണെന്നതിൽ അഭിമാനിക്കുന്നു.’ സ്‌നേഹാ ദുബെ വ്യക്തമാക്കി.
ആഗോള താപനത്തിന്റെ വിഷയത്തിൽ ലക്ഷ്യം ഒന്നാകണം. പക്ഷെ അതിനായി ഓരോ രാജ്യവും പരിശ്രമിക്കേണ്ടത് അതാത് പ്രദേശത്തെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താനാണെന്ന് മറക്കരുത്. 2050ലേക്ക് കാർബൺ പുറന്തള്ളൽ പരമാവധി കുറയ്‌ക്കാൻ ഇന്ത്യ എല്ലാ പരിശ്രമങ്ങളും ചെയ്യുകയാണ്. എന്നാൽ ഈ സമയം വികസിത രാജ്യങ്ങൾ എന്തുകൊണ്ട് അന്തരീക്ഷ കാർബൺ പൂജ്യത്തിനും താഴേക്ക് എത്തിക്കാൻ ശ്രമിക്കുന്നില്ലെന്നും സ്നേഹ ദുബെ ചോദിച്ചു.
പാരീസ് കാലാവസ്ഥാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നാണ്. അത്രയധികം വനസമ്പത്തിന്റെ വർദ്ധനയാണ് വിസ്തീർണ്ണത്തിലും സംരക്ഷണത്തിലും വരുത്തിയിരിക്കുന്നത്. ഭൂപോഷണ പരിപാടികളിലൂടെ ഇന്ത്യ 2030നുള്ളിൽ 26 കോടി ഹെക്ടർ തരിശുഭൂമി കൃഷിയുക്തമാക്കും. ഇതിനിടെ വികസിത രാജ്യങ്ങൾ കാലവസ്ഥാ വ്യതിയാന വിഷയത്തിൽ മുതൽമുടക്കാൻ നിശ്ചയിച്ചിരുന്ന തുക വകകൊള്ളിച്ചിട്ടില്ലെന്നത് ഏറെ ആശങ്കയുണർത്തുന്ന ഒന്നാണെന്നും ഇന്ത്യക്കായി സ്‌നേഹാ ദുബെ തുറന്നടിച്ചു.
















Comments