തിരുവനന്തപുരം :സോളാർ തട്ടിപ്പുകേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. സോളാർ തട്ടിപ്പുകേസ് മുഖ്യ പ്രതി സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരുന്ന സമയത്ത് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് സരിത ആരോപിച്ചിരുന്നു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് സരിത പിന്നീട് പരാതി നൽകി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്.മുൻമന്ത്രിയായതിനാൽ അന്വേഷണത്തിന് സർക്കാരിന്റെയും സംസ്ഥാന ഗവർണറുടേയും അനുമതി ആവശ്യമായിരുന്നു.
സോളാർ തട്ടിപ്പിന് കൂട്ടുനിന്നതിനെ പുറമെ സരിതയെ കോൺഗ്രസിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ഉന്നതനേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നും കോഴ വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തൽ കേരളജനത ഏറെ ഞെട്ടലോടെയാണ് കേട്ടത്..
സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടത്തിയത്.
















Comments