തിരുവനന്തപുരം:മോൻസൻ കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് വിവരം. നിലവിൽ വിദേശത്താണ് അനിത പുല്ലയിൽ. മോൻസൻ കേസിൽ ചില നിർണായക വിവരങ്ങൾ അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മോൻസനുമായി പരിചയപ്പെടുത്തിയത് അനിത പുല്ലയിലായിരുന്നു.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകളിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെ അനിത പുല്ലയിൽ ചർച്ചാ വിഷയമായിരുന്നു. പ്രവാസി വ്യവസായിയായ അനിതയുടെ മോൻസനുമായുള്ള ബന്ധം വാർത്തയായി. പല രാഷ്‌ട്രീയ-പോലീസ് ഉന്നതരുമായും മോൻസനെ പരിചയപ്പെടുത്തിയത് അനിതയാണെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മോൻസൻ ബെഹ്‌റയുമായി രണ്ട് തവണ പരിചയപ്പെട്ടത് അനിതയുടെ സാന്നിദ്ധ്യത്തിലാണ്. ആദ്യത്തേത് ഡിജിപി ഓഫീസിൽ വെച്ചും രണ്ടാമത്തേത് എറണാകുളത്ത് നടന്ന പരിപാടിയിൽ വെച്ചുമാണ്. മോൻസന്റെ മ്യൂസിയം സന്ദർശിക്കാൻ ആവശ്യപ്പെട്ടത് താനാണെന്ന് അനിത തന്നെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് അന്നത്തെ ഡിജിപിയായിരുന്ന ബെഹ്‌റയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മോൻസന്റെ മ്യൂസിയം സന്ദർശിച്ചത്.
മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് അനിതയുടെ വാദം. തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വർഷമായി റോമിൽ കഴിയുന്നയാളാണ്. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമാണിവർ.
















Comments