ധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ചന്ദ്പൂരിലെ ഹജിഗഞ്ജ് ഉപസിലയിലാണ് സംഭവം. ഇവിടെ ദുർഗാ പൂജയ്‌ക്കിടെ എത്തിയ തീവ്രവാദികൾ പൂജയിൽ പങ്കെടുക്കാനെത്തിയവരെ ആക്രമിക്കുകയായിരുന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങളും, ദുർഗാ പൂജാ പന്തലുകളും, വിഗ്രഹങ്ങളും നശിപ്പിച്ചത്. ഇതിന് പുറമെ ഹിന്ദുക്കളായിട്ടുള്ളവരുടെ വീടുകൾ തിരഞ്ഞു പിടിച്ചും തീവ്രവാദികൾ അക്രമം നടത്തുകയായിരുന്നു.
വിവിധ മുസ്ലീം സംഘടനകളുടെ പേരിലാണ് തീവ്രവാദികൾ ഹിന്ദുക്കളെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് പ്രാദേശിക ഹിന്ദു നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചിരുന്നു. ഈ സമയത്തും പ്രദേശത്തുള്ള നിരവധി പന്തലുകൾ അക്രമികൾ നശിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൻകാലീസിലെ ചമ്പൽ, കാലി മന്ദിർ മുനിസിപ്പാലിറ്റി, കർനാപുലി ഉപസില എന്നിവിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.കുരിഗ്രാമിലെ ഉലിപൂർ ഉപസിലയിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. ഒരെണ്ണം അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
സംഘർഷം രൂക്ഷമായതോടെ ഹജിഗഞ്ജിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അവാമി ലീഗ് ജനറൽ സെക്രട്ടറി ഒവൈദുൾ ഖുവാദർ പറഞ്ഞു. സാമൂദായിക സ്പർധ ഉണ്ടാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. ഇത്തരം അക്രമങ്ങളെ ഒരുമിച്ച് നേരിടണമെന്നും ഖുവാദർ പറഞ്ഞു.
Comments