തായ്പേയ്: ദക്ഷിണ തായ്‌വാനിൽ 13 നില കെട്ടിടത്തിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. 79 പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാല് പേരുടെ ആരോഗ്യനില അതിവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാല് മണിക്കൂറോളം പണിപ്പെട്ടാണ് അഗ്‌നിശമന സേനാംഗങ്ങൾ തീ അണച്ചത്. തീപിടുത്തത്തിന് മുമ്പ് ഒരു സ്ഫോടനം പോലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി സമീപവാസികൾ പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു. കെട്ടിടത്തിന്റെ ഏഴാം നിലയ്‌ക്കും 11ാം നിലയ്‌ക്കും ഇടയിലാണ് കൂടുതൽ ആളുകളും കുടുങ്ങിക്കിടന്നത്.
വൈദ്യുതി ലൈനുകളിലെ തകരാർ മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതി ലൈനിൽ നിന്ന് ശബ്ദങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.
കെട്ടിടത്തിന്റെ താഴത്തെ ഭാഗത്ത് റെസ്റ്റോറന്റുകളും കരോക്കെ ബാറുകളും ഒരു സിനിമാശാലയും ഉണ്ടായിരുന്നു. എന്നാൽ ഇവ നിലവിൽ പ്രവർത്തിച്ചിരുന്നില്ല. ഏകദേശം 120 അപ്പാർട്ട്‌മെന്റുകളാണ് ഈ ബ്ലോക്കിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഉപയോഗിക്കാത്ത വസ്തുക്കളുടെ കൂമ്പാരങ്ങൾ രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ടാക്കി.
Comments