ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധ സമരം നടക്കുന്ന സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് സായുധ സേനയായ നിഹാംഗ്. സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയാണ് ഇക്കാര്യം അറിയിച്ചത്. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരം പോലീസ് ബാരിക്കേഡിൽ കെട്ടിയ നിലയിലാണ് ഇന്ന് കണ്ടെത്തിയത്.
ലഖ്ബീർ സിംഗിന്റെ കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു. സിഖ് മതഗ്രത്ഥം തീവെച്ച് നശിപ്പിച്ചതിനുള്ള ശിക്ഷയാണ് കൊലപാതകത്തിന് കാരണമെന്ന് നിഹാംഗുകൾ പറഞ്ഞു. കൊല്ലപ്പെട്ട ലഖ്ബീർ സിംഗ് കുറച്ച് നാളായി നിഹാംഗുകളുടെ ഗ്രൂപ്പിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇയാളെ അവർ മർദ്ദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ലഖ്ബീർ സിംഗുമായോ നിഹാംഗ് ഗ്രൂപ്പുമായോ യാതൊരു ബന്ധവുമില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. പഞ്ചാബിലെ ചീമാ കുർദ് ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് 35കാരനായ ലഖ്ബീർ സിംഗ് എന്നാണ് വിവരം. 1699ൽ ഗുരു ഹർഗോവിന്ദ് സിംഗ് ആണ് നിഹാംഗ് സായുധസേന രൂപീകരിച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നിഹാംഗുകൾ സമരഭൂമിയിലേക്ക് എത്തിയത്.
















Comments