ധാക്ക : ദുർഗാ പൂജയ്‌ക്കിടെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. പ്രധാന നഗരങ്ങളിലും സംഘർഷ സാദ്ധ്യതയുള്ള മേഖലകളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വർഗ്ഗീയ കലാപമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. രാജ്യത്ത് നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയായതിനാൽ ഇസ്ലാമിക വിശ്വാസികൾ മസ്ജിദുകളിൽ പ്രാർത്ഥനയ്‌ക്കായി സംഘടിക്കും. ഇതിനിടയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കാൻ തീരുമാനിച്ചത്. പോലീസിനു പുറമേ സൈനികരും പലമേഖലകളിലായി വിന്യസിച്ചിട്ടുണ്ട്.
രാജ്യത്ത് വർഗ്ഗീയ കലാപം സൃഷ്ടിച്ച് ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാനാണ് ജമാഅത്ത് ഇ ഇസ്ലാമിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ദുർഗാ പന്തലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വരും ദിവസങ്ങളിലും സമാന രീതിയിലുള്ള സംഘർഷം ഉടലെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കുമില്ലയിലെ ദുർഗ പന്തൽ ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകർ ആക്രമിച്ചത്. ദുർഗാ ദേവിയുടെ കാൽപ്പാദത്തിന് അടുത്തായി ഖുർആൻവച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ രാജ്യത്തെ പലഭാഗങ്ങളിലും ദുർഗാ പൂജയ്‌ക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടായി.
Comments