ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത് അശാസ്ത്രീയപരമായെന്ന് കേന്ദ്രസർക്കാർ. സൂചികയിൽ ഇന്ത്യയുടെ റാങ്ക് 101-ാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് ശക്തമായ മറുപടിയുമായി കേന്ദ്രസർക്കാർ എത്തിയത്. 109 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള പട്ടിണി സൂചികയിലാണ് 101-ാം സ്ഥാനത്തേയ്‌ക്ക് ഇന്ത്യ എത്തിയത്. സൂചികയിൽ ഗുരുതരമായ പിഴവുണ്ടെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഗ്ലോബൽ ഹംഗർ റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിയ്‌ക്കുന്ന വിവരമാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൊറോണ കാലത്ത് പോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ പൂർണമായും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടാണിത്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയിൽ ഗുരുതര പിഴവുണ്ട്. അടിസ്ഥാനപരമായ വസ്തുതകൾ സൂചിക തയ്യാറാക്കുമ്പോൾ കണക്കിലെടുത്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല.
നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവ്വേയാണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. സർവ്വേ നടത്തിയത് ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയ രീതിയല്ലെന്നും കേന്ദ്രം ആരോപിച്ചു. ആളോഹരി, ഭക്ഷ്യധാന്യ ലഭ്യത, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികൾ ഇതിനായി സ്വീകരിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പോഷകാഹാര കുറവ് ശാസ്ത്രീയമായി കണ്ടെത്തുന്നതിന് വ്യക്തികളുടെ ശരീര ഭാരവും ഉയരവും അറിയേണ്ടതുണ്ട്. സർക്കാരിൽനിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഭക്ഷ്യധാന്യം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യവും ഈ സർവ്വേയിൽ ഉൾപ്പെട്ടിരുന്നില്ല. സർവ്വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.
ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‌സേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് റിപ്പോർ്ട്ട് തയ്യാറാക്കിയത്. പോഷകാഹാര കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. അയൽരാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയിൽ ഗുരുതരം എന്ന വിഭാഗത്തിലാണ്.
















Comments