കോട്ടയം: ഗർഭച്ഛിദ്ര നിയമത്തിനെതിരെ കത്തോലിക്കാ സഭ. ഗർഭച്ഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നു. നിസ്സഹായവസ്ഥയിലും പരാശ്രയത്തിലും ഇരിക്കുമ്പോൾ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് നിയമം.
24 ആഴ്‌ച്ചവരെ പ്രായമായ ഗർഭസ്ഥ ശിശുക്കളെ ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുന്ന നിയമം കേന്ദ്രസർക്കാർ പാസാക്കിയ പശ്ചാത്തലത്തിലാണ് ലേഖനം. ജനിച്ച കുഞ്ഞിന്റെ ജീവൻ എടുക്കുന്നത് കുറ്റമാണ്. എങ്കിൽ അമ്മയുടെ ഉദരത്തിൽവെച്ച് ജീവൻ എടുക്കുന്നതും കുറ്റമല്ലേ. ശാരീരിക ദൗർബല്യങ്ങളുടെ പേരിൽ ഗർഭച്ഛിദ്രത്തെ ന്യായീകരിക്കാനാവില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യജീവന് മഹത്വവും വിലയും കൽപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ നിയമം പിൻവലിക്കണം. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള നീതിന്യായം നിരപരാധികളായ ശിശുക്കൾ വധിക്കപ്പെടാൻ അനുവദിക്കുന്ന ഗർഭച്ഛിദ്രത്തിന് ബാധകമല്ലേയെന്നും സഭ ചോദിക്കുന്നു.
















Comments