ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ബെഗുംഗഞ്ച് നഗരത്തിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ദുർഗാപൂജയുടെ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഒടുവിലുണ്ടായ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുന്നൂറിലധികം പേർ ചേർന്ന് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാൻ അറിയിച്ചു. ഇതിന് മുമ്പ് വെള്ളിയാഴ്ച ക്ഷേത്ര കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗത്തെ പ്രതിഷേധിച്ചെത്തിയ അക്രമികൾ അടിച്ച് കൊലപ്പെടുത്തിയതായും ഷാ ഇമ്രാൻ പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ആക്രമണത്തിന് തുടക്കമിടുന്നത്. ദുർഗാപൂജക്കിടെ ദേവിയുടെ പ്രതിഷ്ഠയ്‌ക്ക് സമീപം ഖുറാൻ വെച്ചതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മതമൗലികവാദികൾ ആക്രമണത്തിന് ആഹ്വാനമിടുകയായിരുന്നു. ബുധനാഴ്ച ഹജിഗഞ്ചിൽ ക്ഷേത്രം ആക്രമിക്കാനെത്തിയ 500ഓളം പേർക്കെതിരെ പോലീസ് വെടിവെയ്പ്പും നടന്നിരുന്നു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈയാഴ്ച മാത്രം രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായാണ് റിപ്പോർട്ട്. ആക്രമണം രൂക്ഷമായതോടെ ഹിന്ദുമത മേലാധ്യക്ഷന്മാരെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദർശിക്കുകയും അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് ഹിന്ദുമതസ്ഥർ ഉള്ളത്.
















Comments