പത്തനംതിട്ട: മഴ ശക്തമായതോടെ മണിമലയാറിന് കുറുകെയുള്ള കുളത്തൂർ തൂക്കുപാലം തകർന്ന് വീണു. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പാലമാണിത്. ഈ പാലമാണ് മണിമലയാറിനെയും വെള്ളാവൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.
ശക്തമായ ഒഴുക്കിനെ തുടർന്ന് വെള്ളാവൂർ ഭാഗത്തെ പാലത്തിന്റെ കൽക്കെട്ട് തകരുകയായിരുന്നു. തുടർന്നാണ് പാലം വീണത്. മണിക്കൂറുകളായി തുടരുന്ന മഴയിൽ മണിമല പ്രദേശത്ത് സ്ഥിതി രൂക്ഷമാണ്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്.
മദ്ധ്യകേരളത്തിലും സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മഴ അതിതീവ്രമായതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുകൾ സംഭവിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ഇതിനോടകം ആറിലധികം പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ നദിക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
















Comments