തിരുവനന്തപുരം: കാലവർഷം അതിശക്തമായ സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ജില്ലാ കലക്ടർമാർ, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായി ചേർന്ന് പോലീസ് സംവിധാനം പ്രവർത്തിക്കുമെന്ന് അറിയിച്ച ഡിജിപി ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാനും ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സ്‌റ്റേഷനുകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. മുഴുവൻ പോലീസ് സേനയെയും രക്ഷാദൗത്യ പ്രവർത്തനങ്ങൾക്കായി മൊബിലൈസ് ചെയ്യണമെന്നും ഡിജിപി നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും പോലീസിന്റെ സേവനം ലഭ്യമാക്കും. അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ഏതുസമയവും 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്ത് പുലർച്ചെയോടെ മഴയക്ക് നേരിയ ആശ്വാസമാണ് പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അതിശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Comments