ധാക്ക: മാരകശേഷിയുള്ള മെതംഫെറ്റാമിൻ എന്ന മരുന്നിന്റെ ഉപഭോഗം ബംഗ്ലേദേശിൽ വർദ്ധിക്കുന്നതായി സൂചന. മെത് അഥവാ ഐസ് എന്ന പേരിലറിയപ്പെടുന്ന മാരകവും അതീവ അപകടകാരിയുമായ ലഹരിമരുന്നാണ് മെതംഫെറ്റാമിൻ. ബംഗ്ലാദേശിൽ ഇതിന്റെ വിപണനവും ഉപഭോഗവും ക്രമാതീതമായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീയെയും മകനെയും ഒരു കോടി രൂപയുടെ മെതംഫെറ്റാമിനുമായി ലഹരിവിരുദ്ധ സേന പിടികൂടിയിരുന്നു.
മെതംഫെറ്റാമിൻ മരുന്നിനോടൊപ്പം കഫൈൻ മിശ്രിതപ്പെടുത്തിയാണ് ഇതുവരെ വിപണനം ചെയ്തിരുന്നത്. എന്നാലിപ്പോൾ മറ്റ് കലർപ്പുകളില്ലാതെ തന്നെ മെതംഫെറ്റാമിന്റെ കൂടുതൽ മാരകമായ രൂപമാണ് നിലവിൽ വിപണിയിലെത്തിയിരിക്കുന്നത്. ഉയർന്ന വിലമതിക്കുന്ന മെതംഫെറ്റാമിൻ മരുന്നിന് സമ്പന്ന കുടുംബങ്ങളിലെ യുവാക്കളാണ് പ്രധാന ആവശ്യക്കാർ.
ലഹരിമരുന്നായ യാബ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ദ്രുതഗതിയിലുള്ള ആഹ്ലാദത്തേക്കാൾ ഇരുപത് മടങ്ങ് അധിക ഫലപ്രാപ്തിയാണ് മെതംഫെറ്റാമിൻ ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് മെതംഫെറ്റാമിൻ ലഹരിക്ക് കൂടുതൽ ജനപ്രീതിയുണ്ടായതും ആവശ്യക്കാർ വർദ്ധിച്ചതുമെന്നും പറയുന്നു. മെതംഫെറ്റാമിന്റെ ഉയർന്ന തോതിലുള്ള ഉപഭോഗം ധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ക്രമേണ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതുകൂടാതെ ഹൃദയം, വൃക്കകൾ, കരൾ എന്നിവയ്‌ക്ക് തകരാർ സൃഷ്ടിക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
















Comments