കൊച്ചി : അറബിക്കടലിൽ നിന്നും കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ മഹാരാഷ്‌ട്ര തീരത്തു നിന്നാണ് യന്ത്രം കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്രവകുപ്പിന്റെ വേവ് റൈഡർ ബോയ ആണ് കാണാതായത്.
മത്സ്യത്തൊഴിലാളികളാണ് യന്ത്രം കണ്ടെത്തിയത്. ബോയ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞർ ഏറ്റെടുത്തു. സോളാർ പാനലുകൾ ഇളക്കിമാറ്റിയ നിലയിലായിരുന്നു ബോയ കണ്ടെത്തിയത്.
ജൂലൈ മുതൽ അധികൃതർക്ക് ബോയയുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഇതേ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെ മലപ്പുറം സ്വദേശികളായ മത്സ്യത്തൊഴിലാളികൾ ഇതിന് മുകളിൽ കയറി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കുകയായിരുന്നു. കോസ്റ്റൽ പോലീസ്, കോസ്റ്റൽ ഗാർഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
യന്ത്രക്കെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന്
മൽസ്യത്തൊഴിലാളികൾ അംഗങ്ങളായുള്ള കോസ്റ്റൽ പൊലീസിന് കീഴിലെ എഴുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളിലും ബോയയുടെ വിവരങ്ങൾ കൈമാറിയിരുന്നു. പിന്നാലെയാണ് ഉപകരണം കണ്ടെത്തിയത്.
സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന യന്ത്രമാണ് ബോയ. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയാണ് കടലിൽ നിരീക്ഷണത്തിനായി ഇത് സ്ഥാപിച്ചത്.
Comments