മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്‌ക്ക് പറന്ന റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേൽസിഡും സംവിധായകൻ കിം ഷിൻപെൻകോയും യാത്ര തിരിച്ചത്. 12 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സംഘം തിരിച്ചെത്തിയത്. ഇന്ത്യൻ സമയം രാവിലെ 10.05നാണ് ഇവർ തിരിച്ചെത്തിയത്.
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയതായി സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. റഷ്യൻ സോയുസ് സ്‌പേയ്‌സ് ക്രാഫ്റ്റിലായിരുന്നു സംഘത്തിന്റെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റൺ ഷ്‌കപ്ലറേവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒക്ടോബർ ആറിന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.25 നാണ് ഇവർ ബഹിരാകാശത്തേയ്‌ക്ക് യാത്ര തിരിച്ചത്.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയയാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. മാസങ്ങളായുള്ള പ്രത്യേക പരിശീലനത്തിന് ഒടുവിലാണ് യാത്ര തിരിച്ചത്. ഖസാഖിസ്ഥാനിലെ റഷ്യൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു യാത്ര.
സ്‌പേസ് എക്‌സ് സ്ഥാപകൻ എലൺ മസ്‌കിനും നാസയ്‌ക്കും ഒപ്പംചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ മറികടന്നാണ് റഷ്യൻ സംഘം ബഹിരാകാശത്ത് എത്തി സിനിമാ ചിത്രീകരണം കഴിഞ്ഞ് തിരികെയെത്തിയത്.
















Comments