സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ദളിത് സിഖ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. യുവാവിന്റെ കൈകളും കാൽപാദങ്ങളും വെട്ടി അരിയാൻ ഉപയോഗിച്ച രണ്ട് വാളുകൾ, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഹരിയാനയിലെ സോനേപത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈകൾ വെട്ടിയ സരബ്ജിത്ത് സിംഗിന്റെ വാളും, രക്തം പുരണ്ട വസ്ത്രങ്ങളും, കാൽപ്പാദം വെട്ടിമാറ്റിയ നരെയ്ൻ സിംഗിന്റെ വാളും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം കണ്ടെത്തിയ ഒരു മൊബൈൽ ഫോൺ പോലീസ് ഫൊറൻസിക് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.
കേസ് അന്വേഷിക്കുന്നതിനായി പോലീസ് രണ്ട് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സരബ്ജിത്ത് സിംഗ്, നരെയ്ൻ സിംഗ് എന്നിവർക്ക് പുറമെ മറ്റ് രണ്ട് ‘നിഹാംഗുകളെ’ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനും തെളിവുകൾ ശേഖരിക്കാനുമായി ഹരിയാന പോലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഘു അതിർത്തിയിൽ ലഖ്ബീർ സിംഗ് എന്ന 35 കാരനെ കൈപ്പത്തിയും കാലുകളും വെട്ടിമുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. അതിർത്തിയിലെ കർഷക പ്രതിഷേധവേദിക്ക് സമീപമുളള പോലീസ് ബാരിക്കേഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിഹാംഗുകളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. സിഖ് മതഗ്രന്ഥത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലഖ്ബീർ സിംഗിനെ അക്രമികൾ കൊലപ്പെടുത്തിയത്. കേസിൽ പഴുതില്ലാത്ത അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞിരുന്നു.
















Comments