ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യത്തിൽ നാളെ കോടതി വിധി പറയാനിരിക്കെ വലിയ പ്രതീക്ഷയിലാണ് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. ദീപാവലിക്ക് മുന്നേ ആര്യന് ജാമ്യം കിട്ടുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. ഈ മാസം ആദ്യമാണ് ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ആര്യനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. മകൻ അറസ്റ്റിലായതോടെ മുംബൈയിലെ വസതിയായ മന്നത്തിലും ഇക്കുറി ദസറ ആഘോഷങ്ങൾ നടത്തിയില്ല. ഈദ്, ദീപാവലി, ദസറ ദിവസങ്ങളിൽ മന്നത്തിൽ വലിയ ആഘോഷങ്ങളാണ് സാധാരണ നടക്കാറുള്ളത്.
നവരാത്രിയോടനുബന്ധിച്ച് ഗൗരി ഖാൻ മകന് വേണ്ടി പ്രത്യേകമായി വ്രതം എടുത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത് വരെ വീട്ടിൽ മധുരം ഒന്നും ഉണ്ടാക്കരുതെന്നും ജോലിക്കാർക്ക് നിർദ്ദേശമുണ്ട്. പൂജാദിവസങ്ങളിൽ ഉച്ചഭക്ഷണത്തോടൊപ്പം പായസം കണ്ടതിന് പിന്നാലെയാണ് ഗൗരി ഖാൻ ജോലിക്കാർക്ക് മധുരം ഉണ്ടാക്കേണ്ടതില്ലെന്ന കർശന നിർദ്ദേശം നൽകിയത്. സഹപ്രവർത്തകരോടും മറ്റ് സുഹൃത്തുക്കളോടും മന്നത്തിലേക്ക് തത്കാലം വരേണ്ടതില്ലെന്ന അഭ്യർത്ഥനയും ഗൗരിയും ഷാരൂഖും മുന്നോട്ട് വച്ചിട്ടുണ്ട്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖിന്റെ സഹതാരങ്ങളിൽ പലരും മന്നത്തിലേക്ക് എത്തിയിരുന്നു. എന്നാൽ ഇത്തരം സന്ദർശനങ്ങൾ തത്കാലം ഒഴിവാക്കണമെന്നണ് ഷാരൂഖ് അഭ്യർത്ഥിച്ചിരിക്കുന്നത്.
അതേസമയം ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ആര്യൻ ഖാൻ ജയിലിൽ നടന്ന കൗൺസിലിങ്ങിൽ ഉറപ്പുനൽകി. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ആര്യന് കൗൺസിലിങ് നൽകിയത്. പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനോടൊപ്പം അറസ്റ്റിലായ മറ്റ് ഏഴ് പേർക്കും കൗൺസിലിങ് ലഭിച്ചിട്ടുണ്ട്. നാളെയാണ് ആര്യന്റെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി വിധി പറയുന്നത്.
















Comments