മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ പിടിയിലായി ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച് ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ. മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് മകനെ കാണാൻ ഷാറൂഖ് എത്തിയത്. കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു ഇതിനെ തുടർന്നാണ് ഷാറൂഖ് ഖാൻ മകനെ സന്ദർശിക്കാൻ എത്തിയത്. ആര്യൻ ഖാന് പ്രത്യേക എൻഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് താരം ഹൈക്കോടതിയെ സമീപിച്ചു.
ആര്യന് ജാമ്യം നൽകുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകൾ നശിപ്പിച്ചേക്കാമെന്നും ഹർജി എതിർത്ത എൻസിബി കോടതിയിൽ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യൻ ലഹരി ഇടപാടുകൾ നടത്തിയതായി സൂചിപ്പിക്കുന്ന ചാറ്റുകളും എൻസിബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചത്.
Comments